

നിയമസഭയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ. മന്ത്രി രമേശ് ചെന്നിത്തല നല്ലയാളെന്നും എന്നാൽ കൈകാര്യം ചെയ്യുന്ന വകുപ്പ് മഹാ മോശമെന്നും സുധാകരൻ സഭയിൽ തുറന്നടിച്ചു. മന്ത്രി ഇതെല്ലാം ആസ്വദിച്ച് ഇരിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. അവർ എല്ലാക്കാലത്തും പ്രശ്നമാണ്. മന്ത്രി നല്ല വെളുത്ത് സുന്ദരനായതുകൊണ്ട് മാത്രം വകുപ്പ് നന്നാകണമെന്നില്ല. ഈ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു
ലഹരി വ്യാപനത്തിനെതിരെയുള്ള പദ്ധതിയായ തൂഫാനെതിരെയും സുധാകരൻ രംഗത്തെത്തി. എന്ത് തൂഫാനാണ് ഇവിടെ നടക്കുന്നതെന്ന് സുധാകരൻ ചോദിച്ചു. തൂഫാൻ എന്നാൽ കൊടുങ്കാറ്റാണ്, പക്ഷേ അങ്ങനെയൊരു കൊടുങ്കാറ്റ് ഈ സംസ്ഥാനത്ത് വന്നിട്ടില്ല. പദ്ധതി ശക്തമായിരുന്നെങ്കിൽ എത്രയെത്ര മരങ്ങൾ കടപുഴകിയാനേ എന്നും സുധാകരൻ പറഞ്ഞു. എല്ലാവരും പറയുന്നു തൂഫാൻ, തൂഫാൻ, തൂഫാൻ എന്ന്. എന്തോന്ന് തൂഫാൻ എന്നും ജി. സുധാകരന്റെ പരിഹാസം.
ആലപ്പുഴയിൽ ലഹരിക്കടത്ത് നടത്തിയ ഷാനവാസ് ഇപ്പോഴും ജില്ലയിൽ വിലസുകയാണെന്നും ജി. സുധാകരൻ കുറ്റപ്പെടുത്തി. ആയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞോ എന്നും ആഭ്യന്തര മന്ത്രിയുടെ നാട്ടിലല്ലേ ഈ സംഭവമെല്ലാം നടന്നതെന്നും സുധാകരൻ കടുത്ത ഭാഷയിൽ തന്നെ ചോദിച്ചു
കിഫ്ബിയെ നല്ല സംവിധാനമെന്നും കഴിഞ്ഞ സർക്കാർ വന്നപ്പോൾ റിട്ടയേഡ് ആയി മൂക്കിൽ പല്ല് വന്നയാളെയൊക്കെയാണ് കിഫ്ബിയിൽ നിയമിച്ചതെന്നും സുധാകരൻ പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളെ നിയമിക്കാൻ നാണമില്ലേയെന്നും സുധാകരൻ ചോദിച്ചു. ഇത്തരം നിയമനങ്ങൾ കമ്മ്യൂണിസ്റ്റ് നയത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ കാലത്ത് കിഫ്ബിയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ജി. സുധാകരൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കിഫ്ബിയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമ്പോഴും അതിലെ നിയമനങ്ങളിലും ക്രമക്കേടുകളിലും അന്വേഷണം വേണമെന്ന നിലപാടാണ് ജി. സുധാകരൻ സ്വീകരിച്ചത്.