

പാലക്കാട്: വി.ഡി. സതീശനുമായുള്ള പ്രശ്‌നങ്ങള്‍ ഇനി തീരില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അനുനയ നീക്കത്തിന് സതീശന്റെ ദൂതന്‍ വന്നിരുന്നു. തെറ്റ് പരസ്യമായി ഏറ്റു പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്‍എസ്എസിന് എല്ലാവരോടും സമദൂരം ആയിരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വി.ഡി. സതീശന്‍ സിനഡില്‍ പോയതിനെയും ജി. സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സതീശന്‍ പറഞ്ഞത് അബദ്ധം ആണെന്ന് പരസ്യമായി പറയണമായിരുന്നു. ഇനി ഇക്കാര്യത്തില്‍ ഒന്നും നടക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സതീശന്റെ സമുദായ നിഷേധ പരാമര്‍ശത്തോട് മാത്രമആണ് വിയോജിപ്പ് ഉള്ളതെന്നും രാഷ്ട്രീയക്കാര്‍ അല്ലാത്ത നായന്മാര്‍ ആരും എന്‍എസ്എസ് തീരുമാനത്തിന് വിപരീതമാവില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
നേരത്തെ പറവൂരിലെ എന്‍എസ്എസ് നേതൃത്വത്തോട് വി.ഡി. സതീശനെ പിന്തുണയ്ക്കണമെന്ന് ഫോണില്‍ വിളിച്ച് താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പറവൂരില്‍ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും ആര് പെരുന്നയില്‍ വന്നാലും കാണുമെന്നും തന്റെ വീട്ടിലോട്ട് അല്ലല്ലോ വരുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആര് ഭരിച്ചാലും എന്‍എസ്എസിന് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം നടക്കാതെ പോയതിന് പിന്നില്‍ ഡയറക്ടര്‍ ബോര്‍ഡ് ഇടപെടലെന്ന വെള്ളാപ്പള്ളിയുടെ ആരോപണം സുകുമാരന്‍ നായര്‍ തള്ളുകയും ചെയ്തു. ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അത് തനിക്ക് നല്ല ബോധ്യമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് താന്‍ മറുപടിയും പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയും തന്നെ വിളിച്ചിരുന്നു. എന്നാല്‍ താന്‍ ഇത് ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിച്ചു. തന്റെ അനുഭവം പറഞ്ഞപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായി ഐക്യം വേണ്ടെന്ന് പറഞ്ഞുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
'തുഷാര്‍ വെള്ളാപ്പള്ളി വിളിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ വരാമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ മിണ്ടിയില്ല. പിന്നെ ഞാന്‍ തിരിച്ചു വിളിച്ചു. എന്‍ഡിഎയുടെ നേതാവല്ലേ, ഇങ്ങനെ ഒരു ചര്‍ച്ചയില്‍ എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് ചോദിച്ചു. അതുകൊണ്ട് താങ്കള്‍ വരേണ്ട എന്ന് പറഞ്ഞു. എനിക്ക് ഉണ്ടായ അനുഭീ ഉള്‍പ്പടെ ഒരു പ്രമേയമായി അവതരിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡില്‍ ആരും എതിര്‍ത്തില്ല. എല്ലാവരും പ്രമേയത്തെ പിന്തുണച്ചു. ഐക്യം വേണ്ടെന്ന് പറഞ്ഞു,' സുകുമാരന്‍ നായര്‍ പറഞ്ഞു.
തുഷാറിനെ തീരുമാനിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു. ഞാന്‍ വിചാരിച്ചാല്‍ പത്മഭൂഷന്‍ എപ്പഴേ കിട്ടിയേനെ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യം പൂര്‍ണമായും അടഞ്ഞ അധ്യായമാണെന്നും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ എങ്ങനെ പൊരുത്തപ്പെട്ടു പോകുമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.