കോട്ടയം: ആഗോള അയ്യപ്പസംഗമത്തിലെ പിന്തുണച്ച കാരണം വ്യക്തമാക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. നാളെ എൻഎസ്എസ് ആസ്ഥാനത്ത് ചേരുന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പിണറായി സർക്കാരിന് പിന്തുണ നൽകുന്ന സാഹചര്യം പൊതുയോഗത്തിൽ വച്ച് സമുദായ അംഗങ്ങളെ ബോധ്യപ്പെടുത്തും.
ജി. സുകുമാരൻ നായർ സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ വലിയതോതിലുള്ള പ്രതിഷേധങ്ങളാണ് എൻഎസ്എസിൽ നടക്കുന്നത്. സുകുമാരൻ നായരുടെ നിലപാടിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി ഒരു കുടുംബത്തിലെ നാലുപേർ എൻഎസ്എസിൽ നിന്നും രാജിവച്ചു.
ജി. സുകുമാരൻ നായരുടേത് വീണ്ടുവിചാരമില്ലാത്ത ഇടപെടലാണെന്നും, അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. അത് എൻഎസ്എസിൻ്റെ നിലപാടല്ല. ആണെന്ന് പറഞ്ഞാലും അത് അംഗീകരിക്കില്ലെന്നും കണയന്നൂർ കരയോഗം ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ദിവസം വെട്ടിപ്പുറം കരയോഗത്തിന് മുന്നിൽ ജി. സുകുമാരൻ നായരെ കട്ടപ്പ എന്ന് വിളിച്ച്, പരിഹാസത്തോടെ ബാനർ സ്ഥാപിച്ചിരുന്നു. 'ബാഹുബലി' ചിത്രത്തിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രമടക്കം വെച്ചാണ് കരയോഗത്തിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നും പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫീസിന് സമീപത്താണ് പുതിയ ബാനർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.