
തിരുവനന്തപുരം: ശബരിമലയില്‍ ആഗോള സംഗമം നടത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. സെപ്റ്റംബറിലെ മൂന്നാമത്തെ ആഴ്ച നടത്താനാണ് തീരുമാനം. ആഗോള അയ്യപ്പ ഭക്തരെ ഒരു വേദിയില്‍ കൊണ്ടു വരികയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം നടത്തുകയെന്നും മന്ത്രി അറിയിച്ചു.
പമ്പയില്‍ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡ് 75 ആം വാര്‍ഷികത്തിന്റെ കൂടി ഭാഗമായാണ് നടത്തുക. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീര്‍ത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
3000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 16 നും 21 നും ഇടയിലാണ് പരിപാടി ഉദ്ദേശിക്കുന്നത്. തീയതി പിന്നീട് തീരുമാനിക്കും. ഒരു ദിവസം നടക്കുന്ന പരിപാടിയില്‍ വിവിധ സെഷനുകളും ഉണ്ടായിരിക്കും.
ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് തലേദിവസം എത്തി ദര്‍ശനം നടത്തിയ ശേഷം സംഗമത്തില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കുന്ന രൂപത്തിലാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക. 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി പമ്പയില്‍ തീര്‍ത്ഥാടന കാലത്ത് ഉണ്ടാക്കുന്നതുപോലെയുള്ള ജര്‍മ്മന്‍ പന്തല്‍ നിര്‍മ്മിക്കും. ഭാവിയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ കൂട്ടായ്മകളുടെ തുടക്കമാണ് ഈ സംഗമമെന്നും മന്ത്രി അറിയിച്ചു.