പത്തനംതിട്ട: ശബരിമലയെ ദേശീയ ശ്രദ്ധാ കേന്ദ്രമാക്കി ആഗോള അയ്യപ്പ സംഗമം ഇന്ന്. പമ്പയിൽ ഒരുക്കങ്ങൾ പൂർണമായി. രാവിലെ ഒമ്പതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. വിദേശ പ്രതിനിധികൾ ഉൾപ്പെടെ 3500 പേരാണ് സംഗമത്തിൽ പങ്കെടുക്കുക.
സംസ്ഥാന മന്ത്രിമാർക്കു പുറമെ തമിഴ്നാട് മന്ത്രിമാരായ പളനി വേൽ ത്യാഗരാജനും പി.കെ. ശേഖർബാബുവും പങ്കെടുക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് വൈസ് പ്രസിഡൻ്റ് എം. സംഗീത് കുമാർ എന്നിവരും സംഗമത്തിൽ പങ്കെടുക്കും.
മൂന്ന് വേദികളിലായാണ് ചർച്ചകൾ നടക്കുക. മൂന്ന് സെഷനുകളിലായി ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ തീർത്ഥാടന സർക്കിറ്റ്, തിരക്ക് നിയന്ത്രണവും മുന്നൊരുക്കങ്ങളും എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. സംഗമത്തിൻ്റെ ഭാഗമായി പമ്പയിലും പരിസരപ്രദേശത്തും അതീവ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 1000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു.