എറണാകുളം: വെള്ളാപ്പള്ളി നടേശനെതിരായ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് എസ്എൻഡിപി യോഗം മുൻ നേതാക്കളായ ഗോകുലം ഗോപാലനും സി.കെ. വിദ്യാസാഗറും. സത്യത്തിന്റെ വിജയമാണെന്ന് എസ്എന്‍ഡിപി യോഗം മുന്‍ നേതാവ് ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. ഭസ്മാസുരനെ പോലെയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശന്‍ പണവും അധികാരവും സ്വാർഥ താത്പര്യങ്ങൾക്ക് ഉപയോഗിച്ചതായും ഗോകുലം ഗോപാലന്‍ ആരോപിച്ചു. പാവങ്ങൾക്ക് കിട്ടേണ്ട പണം സ്വന്തം പോലെ വെള്ളാപ്പള്ളി അനുഭവിച്ചു. സത്യത്തിന് അവസാനം വിജയം ഉണ്ടാകുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്‍റ് സി.കെ. വിദ്യാസാഗറും രംഗത്തെത്തി. എസ്എൽഡിപി യോഗത്തിൻ്റെ സ്വത്തുക്കളെല്ലാം കുടുംബസ്വത്തായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ വിധി വന്നതെന്നും വിദ്യാസാഗർ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. വെള്ളാപ്പള്ളി അടക്കമുള്ള സംഘടനാ ഡയറക്ടര്‍മാരെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. എം.കെ. സാനു ഉൾപ്പടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ വിധി. ആദായ നികുതി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ് നടപടി.
എൻഎൻഡിപിയുടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻറ് ഡോ. എം.എന്‍. സോമന്‍, വൈസ് പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവർ അടക്കമുള്ളവരെ അയോഗ്യരാക്കണമെന്ന ഹർജിയിലാണ് ഉത്തരവ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ കമ്പനി ആക്ട് നിയമ പ്രകാരമാണ് നടപടി.