
മനുഷ്യസ്നേഹത്തിന്റെ കേരള മാതൃകയാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ എന്ന് ഗോകുലം ഗോപാലന്‍. ജാതിക്കും മതത്തിനും അപ്പുറത്തെ മാനവികതയാണ് കാന്തപുരം ഉയർത്തി പ്പിടിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുന്നതിൽ കാന്തപുരം ഉസ്താദ് നടത്തിയ പ്രവർത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകർന്നിട്ടുണ്ടെന്ന് ഗോകുലം ഗോപാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപരാമർശ വിവാദത്തിനിടെയാണ് വെള്ളാപ്പള്ളിയെ പരോക്ഷമായി വിമർശിച്ചും കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ പുകഴ്ത്തിയുമുള്ള ഗോകുലം ഗോപാലന്റെ പ്രതികരണം. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് പോസ്റ്റിൽ വിമർശിക്കുന്നു.
കോട്ടയത്ത് നടന്ന എസ്‌എന്‍ഡിപി യോഗം നേതൃസംഗമത്തിലായിരുന്നു കാന്തപുരത്തിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശം. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് കേരള സർക്കാരിനെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. കേരളത്തില്‍ മുസ്ലീം ജനസംഖ്യ വർധിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ വലിയ വിമർശനമാണ് ഉയരുന്നത്.
പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും മുസ്ലീം സമുദായത്തിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. മതപണ്ഡിതന്മാർക്കും അവർ പറയുന്നതിനും മാത്രമേ വിലയുള്ളൂ എന്ന നിലയിലേക്ക് എത്തി. കാന്തപുരം എന്ത് കുന്തം എറിഞ്ഞാലും താന്‍ പറയേണ്ടത് പറയുമെന്നും വെള്ളാപ്പള്ളി പള്ളാത്തുരുത്തിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ആവർത്തിച്ചു.
പ്രമുഖ ഇസ്ലാം മത പണ്ഡിതൻ കാന്തപുരം എ.പി അബൂബക്കർ മുസല്യാർ മനുഷ്യസ്നേഹത്തിന്റെ കേരള മാതൃകയാണ്. ജാതിക്കും മതത്തിനും അപ്പുറത്തെ മനവികതയാണ് കാന്തപുരം ഉയർത്തി പ്പിടിച്ചത്. നിമിഷപ്രിയയുടെ
വധശിക്ഷ മാറ്റിവെക്കുന്നതിൽ കാന്തപുരം ഉസ്താദ് നടത്തിയ പ്രവർത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകർന്നിട്ടുണ്ട്. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളിയാണ്.
മതേതര വാദികൾ എല്ലാം കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ് എന്ന കാര്യം തിരസ്കരിക്കരുത്.