

തിരുവനന്തപുരം നഗരത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. കഴക്കൂട്ടത്ത് ഇന്നലെ രാത്രിയാണ് കാപ്പാ കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ അക്രമം അഴിച്ചുവിട്ടത്. കാപ്പാ കേസ് പ്രതി ശരത്തും റൗഡി ലിസ്റ്റിലുള്ള കൂട്ടാളി ശരത്ത് എന്നിവരാണ് ആക്രമണം നടത്തിയത്. ആദ്യം തൃപ്പാദപുരത്തെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും കെയർ ടേക്കറെയും മർദിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇരുവരും സമീപത്തെ ബാറിലെത്തി വീണ്ടും പ്രശ്നമുണ്ടാക്കി.
ബാറിലുണ്ടായിരുന്നവർക്ക് നേരെയും ഇരുവർ ആക്രമണം നടത്തി. മണിക്കൂറുകൾക്ക് ശേഷം സ്ഥലത്തെത്തിയ തുമ്പ പൊലീസ് ഇരുവരെയും പിടികൂടി എന്നാൽ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷവും പ്രതികൾ അക്രമാസക്തരായി. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കും മറ്റ് പൊലീസുകാർക്കും നേരെ ഇവർ കൊലവിളി നടത്തി.
ഫ്ലാറ്റ് നിവാസികളുടെ പരാതിയിൽ ഇരുവർക്കുമെതിരെ തുമ്പ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫ്ലാറ്റിലെ ജീവനക്കാരെ മർദിച്ചതും പിന്നാലെ ബാറിലുണ്ടായ അക്രമവുമെല്ലാം പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്,