തിരുവനന്തപുരം: ഡോ. കെ. വി. വിശ്വനാഥന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം നൽകി സർക്കാർ ഉത്തരവ്. മുൻപുണ്ടായിരുന്ന ഡയറക്ടർ വിരമിച്ച ഒഴിവിൽ ഡിഎം ഇ യുടെ ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പ്രഫസർ ആയിരുന്നു ഡോ. വിശ്വനാഥൻ. സീനിയോറിറ്റി മറികടന്നാണ് ഡോക്ടർ വിശ്വനാഥന് നിയമനം നൽകിയതെന്ന് ആക്ഷേപമുയർന്നിരുന്നു. ഡോ.ഹാരിസ് വിവാദത്തിൽ വാർത്താസമ്മേളനം നടത്തിയ പ്രിൻസിപ്പലിനും, സൂപ്രണ്ടിനും ഫോണിലൂടെ നിർദേശം നൽകിയതും വിവാദമായിരുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ സീനിയോറിറ്റി മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് ഡോ. കെ.വി. വിശ്വനാഥന് ഡിഎംഇയായി നിയമനം നൽകിയതെന്നും, അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടർ നിഷ കോടതിയിൽ ഹർജി നൽകിയിരുന്നു. നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിർദേശവും അട്ടിമറിച്ചുവെന്നുമാണ് ആക്ഷേപം.
ഡോ. ഹാരിസിനെതിരായ കണ്ടെത്തലുകൾ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഹാരിസിനെ കുരുക്കാനല്ല അദ്ദേഹത്തിന് എതിരെയുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലെ ഭാഗം വായിക്കാനാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടതെന്നും ഡോ. വിശ്വനാഥ് വിശദീകരിച്ചിരുന്നു.