തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് തിരിച്ചടി. കാപ്പ ചുമത്തിയതിന് സർക്കാർ അംഗീകാരം നൽകി. ആഭ്യന്തരവകുപ്പ് സെക്രട്ടറിയാണ് ഫയലിന് അംഗീകാരം നൽകിയത്. അതേസമയം, സുഗതന്റെ കാപ്പ നീക്കാനുള്ള നടപടി ആലോചിക്കുകയാണ് നഗരസഭ ഭരണസമിതി. ഇതിനായി കാപ്പ ഉപദേശക സമിതിയെ സമീപിക്കും. റിട്ട ജസ്റ്റിസ് പി. ഉബൈദ് അധ്യക്ഷനായ മൂന്നംഗ കാപ്പ ഉപദേശക സമിതിയാണ് ഭരണസമിതിയുടെ ആവശ്യം പരിഗണിക്കുക.
ആർ. സുഗതൻ കാപ്പ നിയമം ചുമത്തപ്പെടേണ്ട കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നാണ് ഭരണസമിതിയുടെ വാദം. അയോഗ്യനാകാതിരിക്കാൻ സുഗതന് സത്യപ്രതിജ്ഞ ചെയ്യേണ്ട ആവശ്യകതയും ഭരണസമിതി കാപ്പ ഉപദേശക സമിതിയെ അറിയിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സമിതിയുടെ തീരുമാനം.
കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലിരിക്കേയാണ് പൊലീസ് സുഗതനെ പിടികൂടിയത്. സുഗതൻ്റെ അനുയായികൾ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും സുഗതനെ പിടികൂടിയത്. സംഘർഷത്തിൽ എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തിനും പരിക്കേറ്റിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.
നിലവിൽ സുഗതൻ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്. കാപ്പാ കേസ് ആയതിനാലാണ് കോടതിയിൽ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത്. സുഗതനെ കരുതൽ തടങ്കലിൽ ആക്കേണ്ടത് പൊതുജന സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് കാപ്പാ റിപ്പോർട്ടിൽ പറയുന്നത്. 2012 മുതൽ നരഹത്യാശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ എന്നീ കേസുകളിൽ പ്രതിയാണ്. 2023, 2025 വർഷങ്ങളിൽ അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. അതിനുശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്.