പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സ്ഥിരം ജോലിക്ക് തടയിട്ട് സർക്കാർ; കരാറടിസ്ഥാനത്തിൽ നിയമിക്കാമെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ജീവനക്കാരെ പെരുവഴിയിൽ ആക്കുന്ന തീരുമാനമാണ് ഇതെന്നാണ് സ്പെഷ്യൽ എജ്യൂക്കേറ്റർ ഫെഡറേഷൻ ഓഫ് കേരളയുടെ പ്രതികരണം.
wayanad
Published on

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സ്ഥിരം ജോലിക്ക് തടയിട്ട് സർക്കാർ. സമഗ്ര ശിക്ഷാ കേരളയിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എജ്യൂക്കേറ്റർ മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ ജീവനക്കാരെ പെരുവഴിയിൽ ആക്കുന്ന തീരുമാനമാണ് ഇതെന്നാണ് സ്പെഷ്യൽ എജ്യൂക്കേറ്റർ ഫെഡറേഷൻ ഓഫ് കേരളയുടെ പ്രതികരണം.

സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠന പിന്തുണ നൽകുന്ന 2813 പേരാണ് നിലവിലുള്ളത്. ദിനശേഷി പഠന പിന്തുണ മാനദണ്ഡമനുസരിച്ച് എലിമൻ്ററി സ്കൂളികളിൽ 10 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എജ്യൂക്കേറ്റർ എന്നും സെക്കണ്ടറി സ്കൂളുകളിൽ 15 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എജ്യൂക്കേറ്ററും എന്ന നിലയിലാണ് അധ്യാപക അനുപാതം.

സംസ്ഥാനത്ത് ഒരു ലക്ഷത്തി 25000 ഭിന്നശേഷി വിദ്യാർഥികൾക്ക് പൂർണമായും പഠനപിന്തുണ നൽകണമെങ്കിൽ 9000 പേരെ നിയമിക്കണം. പുതിയ തസ്തികകൾ ഉണ്ടായാൽ കൂടുതൽ സാമ്പത്തിക ബാധ്യത സർക്കാരിന് വരുമെന്ന് കണ്ടാണ് സർക്കാർ സുപ്രീംകോടതിയിൽ ഇത്തരത്തിലുള്ള സത്യവാങ്മൂലം നൽകിയത് എന്നാണ് വിലയിരുത്തൽ. എന്നാൽ സുപ്രീംകോടതി നിർദേശമനുസരിച്ചുള്ള സ്ഥിര നിയമനം നടത്താതെ കരാർ നിയമനവും ക്ലസ്റ്റർ നിയമനവും നടത്തുക വഴി സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സ്ഥിരം ജോലി എന്ന സ്വപ്നം ഇല്ലാതാവുകയാണ്.

wayanad
എൻ. എം. വിജയൻ്റെ മരണം: കരാർ രേഖ ആരോപണത്തിൽ കുടുങ്ങി കോൺഗ്രസ്

2019 ലാണ് രാജ്യത്ത് ആദ്യമായി ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നത് . ഭിന്നശേഷി പഠനരംഗത്തെ കേരളത്തിൻ്റ മികച്ച ഇടപെടലാണ് ഇതിന് പ്രാപ്തമാക്കിയത്. എന്നാൽ ഇത്തരത്തിലുള്ള നേട്ടങ്ങളെല്ലാം ഇല്ലാതാകുന്ന തരത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നാണ് അധ്യാപകർ ആരോപിക്കുന്നത്.

ഈ രംഗത്തെ അക്കാദമിക്ക് പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ടുവർഷമായി നൽകേണ്ട 60% തുക അനുവദിക്കാത്തത് മേഖലയിൽ വലിയ പ്രതിസന്ധിയായിരിക്കെയാണ് ഇത്തരത്തിൽ ഒരു സത്യവാങ്മൂലം നൽകിയിട്ടുള്ളത്. ഇതോടെ സുപ്രീംകോടതി നിർദേശമനുസരിച്ചുള്ള സ്ഥിരം ജോലി എന്ന പ്രതീക്ഷ ഇല്ലാതാവുമോ എന്ന ആശങ്കയിലാണ് സ്പെഷ്യൽ എജ്യൂക്കേറ്റേഴ്സ്. കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകാനാണ് സ്പെഷ്യൽ എജ്യൂക്കേറ്റേഴ്‌സ് ഫെഡറേഷൻ്റെ തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com