തിരുവനന്തപുരം: എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തർക്കത്തിൽ ക്രൈസ്തവ മാനേജ്മെൻ്റുകൾക്ക് വഴങ്ങി സർക്കാർ. എൻഎസ്എസിന് ലഭിച്ച അനുകൂല സുപ്രീംകോടതി വിധി മറ്റ് മാനേജ്മെൻ്റുകൾക്കും ബാധകമാക്കാനുള്ള നടപടികൾ സ്വീകരിക്കും. നിലപാട് കേസ് പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സർക്കാർ നിലപാടില്‍ സീറോ മലബാർ സഭ നന്ദി അറിയിച്ചു.
ആദ്യഘട്ടങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിലും ക്രൈസ്തവ മാനേജ്മെൻ്റുകളുടെ പ്രതിഷേധത്തിന് വഴങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിവാദത്തിൽ നിർണായക നീക്കമാണ് നടത്തിയിരിക്കുന്നത്. സർക്കാർ തീരുമാനത്തോട് സീറോ മലബാർ സഭ അടക്കമുള്ള നേതൃത്വങ്ങൾ നന്ദി അറിയിച്ചു.
ഭിന്നശേഷി നിയമന വിഷയം തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് സമവായ നീക്കം ഉണ്ടായത്. എന്നാൽ നീക്കത്തെ ക്രൈസ്തവ മാനേജ്മെൻ്റുകളുടെ സമ്മർദത്തിന് കീഴ്‌വഴങ്ങിയതെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.