
സംസ്ഥാനത്തെ എഞ്ചിയിനയറിങ് പ്രവേശനത്തിനുള്ള കീം ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെടും. അപ്പീൽ നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.
സിബിഎസ്ഇ-കേരള സിലബസ് മാർക്ക് ഏകീകരണത്തിനുള്ള ഫോർമുലയാണ് ഹൈക്കോടതി റദ്ദാക്കിയത്. സിബിഎസ്ഇ സ്കൂളുകൾക്കായി സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. ഫോർമുല റദ്ദാക്കിയത് കേരള സിലബസ് വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാണ്. എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി നൽകിയ ഹർജിയിലാണ് കോടതി വിധി.
കഴിഞ്ഞ വർഷത്തെ കീം പരീക്ഷയിൽ തൻ്റെ അതേ മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ആയിരത്തിനോടടുത്തുള്ള റാങ്ക് ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണത്തെ പുതിയ മാനദണ്ഡപ്രകാരം തനിക്ക് 4000ത്തിനടുത്ത് റാങ്കാണ് നേടാനായത്. ഇത് പ്രോസ്പെക്ടസിൽ വരുത്തിയ മാറ്റത്തെ തുടർന്നാണെന്നും വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. എന്നാൽ, കേരള- സിബിഎസ്ഇ സിലബസുകളെ ഏകീകരിക്കാൻ വേണ്ടിയാണ് പ്രോസ്പെക്ടസിലെ മാറ്റം എന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. സിബിഎസ്ഇ, കേരള സിലബസ് വിദ്യാർഥികൾക്ക് ഒരേ രീതിയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടാനാകുന്നതാണ് ഈ ഫോർമുലയെന്നും സർക്കാർ അറിയിച്ചിരുന്നു.