

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ പി സമയം വർധിപ്പിച്ച സർക്കാർ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് സർക്കാർ. കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. ആരോഗ്യമന്ത്രി വീണാ ജോർജുമായി കെജിഎംഒഎ നടത്തിയ ചർച്ചയിലാണ് ഉത്തരവിൽ പരിശോധന നടത്താൻ തീരുമാനമായത്.
ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായാണ് ഒ പി സമയം വർധിപ്പിച്ചത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ഒ പി സമയം എട്ട് മുതൽ രണ്ട് വരെയാക്കിയായിരുന്നു സർക്കാർ ഉത്തരവ്. നേരത്തെ ഇത് ഒരു മണി വരെയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ സമയം കൂട്ടിയിരുന്നില്ല.
ഇതിന് പുറമെ ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ എട്ടു മുതൽ മൂന്ന് മണി വരെയാക്കിയും ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാക്കിയും പുനഃക്രമീകരിച്ചിരുന്നു. അതേസമയം, പുതുക്കിയ സമയക്രമം അംഗീകരിക്കാനാകില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കുകയായിരുന്നു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കെജിഎംഒഎ സംസ്ഥാന വ്യാപകമായ പ്രതിഷേധം നടത്തുമെന്നും അറിയിച്ചിരുന്നു.