തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 13 മുതൽ സമരം ആരംഭിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. മെഡിക്കൽ കോളേജുകളിൽ അധ്യാപനവും അടിയന്തിര ചികിത്സ സേവനങ്ങളും മാത്രമായിരിക്കും പ്രവർത്തിക്കുക.
ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡിഎ കുടിശിക നൽകുക, താൽക്കാലിക-കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി സൂചനാ സമരങ്ങളും മറ്റ് പണിമുടക്ക് സമരങ്ങളുമായി ഡോക്ടർമാർ സമരരംഗത്തുണ്ടായിരുന്നു. തുടർന്ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പുനൽകിയിരുന്നു. എന്നാൽ ഉറപ്പുകൾ നടപ്പിലാക്കത്തതിനെ തുടർന്നാണ് ഡോക്ടർമാർ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നത്.