

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഏകീകരിക്കുന്നതിൻ്റെ ഭാഗമായി നിർണായക നീക്കവുമായി സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, വിവിധ വകുപ്പുകളിൽ വിരമിക്കൽ പ്രായം 60-ലേക്ക് ഉയർത്താന്നാണ് നീക്കം. ആദ്യഘട്ടമെന്ന നിലയിൽ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജന്മാരുടെ വിരമിക്കൽ പ്രായം ഉയർത്തും. ഇതുസംബന്ധിച്ച ഫയൽ ധനവകുപ്പിൻ്റെ അന്തിമ പരിഗണനയിലാണ്.
പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36-ൽ നിന്ന് 40-ലേക്ക് ഉയർത്തിയതിന് പിന്നാലെയാണ് 2013-ന് മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ വിരമിക്കൽ പ്രായവും 60 ആകുന്നത്. ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്കും കെഎസ്ആർടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 56 നിന്ന് 60ലേക്ക് ഉയര്‍ത്തിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ മൃഗസംരക്ഷണവകുപ്പിലെ വെറ്റിനറി സര്‍ജന്മാരുടെ പെന്‍ഷന്‍ പ്രായവും ഉയര്‍ത്തുന്നത്.
അടുത്ത നാല് വർഷത്തിനുള്ളിൽ 343 വെറ്ററിനറി ഡോക്ടർമാരാണ് വിരമിക്കാനിരിക്കുന്നത്. ഇവരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിലൂടെ ആനുകൂല്യ ഇനത്തിൽ നൽകേണ്ട 274.40 കോടി രൂപ പെട്ടെന്ന് നൽകേണ്ടി വരില്ല എന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ ആശ്വാസമാകും. കൂടാതെ പെൻഷൻ ഇനത്തിൽ മാത്രം 36.83 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക ലാഭത്തിനപ്പുറം പൊതുജനാരോഗ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വകുപ്പിൻ്റെ വാദം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക് രോഗങ്ങൾ തടയുന്നതിന് പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയതോടെ 2013-ന് ശേഷം കയറിയവർക്ക് വിരമിക്കൽ പ്രായം 60 ആണ്. ഇത്തരത്തില്‍ വിരമിക്കല്‍ പ്രായം നിശ്ചയിക്കുമ്പോള്‍ ഭരണഘടന തുല്യത ഉറപ്പാക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശവും ഈ നീക്കത്തിലുണ്ട്.