പണം നൽകാതെ സർക്കാർ; മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി 
പ്രതിസന്ധിയിൽ
Source: News Malayalam 24x7

പണം നൽകാതെ സർക്കാർ; മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി പ്രതിസന്ധിയിൽ

സമാശ്വാസ തുകയ്ക്കായി ഫിഷറീസ് ഓഫീസുകൾ കയറിയിറങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ
Published on

സംസ്ഥാനത്ത് ട്രോളിങ് നിരോധനകാലം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ പണം നൽകാതെ സർക്കാർ. പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട 4500 രൂപയിൽ, 1500 രൂപ മാത്രമാണ് ലഭിച്ചത്. കേന്ദ്ര വിഹിതം അനുവദിച്ചു കിട്ടാത്തതാണ് രണ്ടു ഗഡുക്കൾ വൈകാൻ കാരണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. സമാശ്വാസ തുകയ്ക്കായി ഫിഷറീസ് ഓഫീസുകൾ കയറിയിറങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.

മൺസൂൺ - ട്രോളിങ് നിരോധന കാലത്ത് പ്രതിസന്ധിയിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകുന്നതിന് വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്. 4500 രൂപയാണ് സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ തുക. തൊഴിലാളികൾ 1500 രൂപ അടക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളും ഇതേ തുക ചേർത്ത് മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മൂന്നു ഗഡുക്കളായി മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 1,49,755 മത്സ്യതൊഴിലാളികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതില്‍ 1,35,625 പേര്‍ സമുദ്ര മേഖലയില്‍ നിന്നും 14,130 പേര്‍ ഉള്‍നാടന്‍ മേഖലയില്‍ നിന്നുമാണ്. ഇവരില്‍ നിന്ന് ഗുണഭോക്തൃ വിഹിതമായി 20.95 കോടി രൂപ സമാഹരിച്ച് ആദ്യ ഗഡുവായി അവര്‍ക്ക് തിരികെ നല്‍കിക്കഴിഞ്ഞു.

പണം നൽകാതെ സർക്കാർ; മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി 
പ്രതിസന്ധിയിൽ
വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി തേടിയത് നിലവിലെ കേന്ദ്രനിയമം അപ്രായോഗികമെന്ന് ബോധ്യപ്പെട്ടതിനാൽ: വനംമന്ത്രി

കടൽ മത്സ്യത്തൊഴിലാളികൾക്ക് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുമായി തുക അനുവദിക്കണം. എന്നാൽ, മത്സ്യത്തൊഴിലാളികൾക്ക് അവർ അടച്ച ഗുണഭോക്തൃ വിഹിതമായ 1500 രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതമായ 3000 രൂപ ഇനിയും ലഭിച്ചിട്ടില്ല. സമാശ്വാസ പദ്ധതി തുകയ്ക്കായി ഇപ്പോൾ ഫിഷറീസ് ഓഫീസുകൾ കയറിയിറങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.

സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20.95 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കേണ്ടത്. കേന്ദ്ര വിഹിതം അനുവദിച്ചു കിട്ടാത്തതാണ് രണ്ടു ഗഡുക്കൾ വൈകാൻ കാരണം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം വഴി മാത്രമേ ഫണ്ട് വിതരണം ചെയ്യാവൂ എന്ന കേന്ദ്ര നിർദേശം മൂലമാണ് സംസ്ഥാന വിഹിതം പോലും വിതരണം ചെയ്യാൻ കഴിയാത്തതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം.

പ്രതികൂല കാലാവസ്ഥയും, തുടരെ തുടരെ ഉണ്ടായ കപ്പൽ അപകടങ്ങളും മൂലം കഴിഞ്ഞ മാസങ്ങളിൽ മിക്ക ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് കടലിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും പഞ്ഞമാസ ആശ്വാസത്തിന്റെ രണ്ടും മൂന്നും ഗഡുക്കൾ അനുവദിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

News Malayalam 24x7
newsmalayalam.com