

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ കണക്കെടുക്കാൻ സർക്കാർ. ആഭ്യന്തര ഓഡിറ്റ് നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്കും ശേഖരിക്കും. കെഎംഎസ്‌സിഎൽ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും. ഇതിനായി അടിയന്തര യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളും.
ആരോഗ്യമന്ത്രിയുടെ വയനാട് സന്ദർശനത്തിന് പിന്നാലെയാണ് അന്വേഷണത്തിന് തീരുമാനം. വയനാട് മെഡിക്കൽ കോളേജ് ഗോഡൗണിൽ പെട്ടി പൊട്ടിക്കാത്ത മെഡിക്കൽ ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ആറ് മൊബൈൽ മോർച്ചറി യൂണിറ്റും ഇത്തരത്തിൽ ഉപയോഗിക്കാതെ കിടപ്പുണ്ട്. ഓഡിറ്റ് നടത്തി പിഴവ് ബോധ്യപ്പെട്ടാൽ വിജിലൻസിന് കൈമാറും.