"പഠനത്തേക്കാൾ താല്‍പ്പര്യം ആർഎസ്എസ് ശാഖയിലായിരുന്നു"; 'ഭാരതാംബ' സങ്കൽപ്പത്തെക്കുറിച്ച് വിശദീകരിച്ച് ഗവർണർ

ജന്മഭൂമി പ്രസിദ്ധീകരിച്ച അഭിമുഖ ലേഖനത്തിലാണ് ഭാരതാംബ സങ്കല്പത്തെക്കുറിച്ചുള്ള ഗവർണറുടെ പ്രതികരണം
ഗവർണർ രാജേന്ദ്ര അർലേക്കർ
ഗവർണർ രാജേന്ദ്ര അർലേക്കർSource: Facebook / Rajendra Arlekar
Published on

'ഭാരതാംബ' സങ്കൽപ്പത്തെക്കുറിച്ച് വിശദീകരിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. അടിയന്തരാവസ്ഥ കാലത്താണ് ഭാരതാംബ സങ്കൽപ്പം കൂടുതൽ തെളിമയോടെ മനസിലാക്കിയതെന്നും പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും മുകളിൽ ആ സങ്കല്പത്തെ കാണാനായെന്നും അർലേക്കർ വ്യക്തമാക്കി. ജന്മഭൂമി പ്രസിദ്ധീകരിച്ച അഭിമുഖ ലേഖനത്തിലാണ് ഭാരതാംബ സങ്കല്പത്തെക്കുറിച്ചുള്ള ഗവർണറുടെ പ്രതികരണം.

"ജയിലില്‍ ഞാന്‍ അച്ഛനെ കണ്ടു" എന്ന തലക്കെട്ടിലാണ് ലേഖനം. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയേണ്ടി വന്ന രാജേന്ദ്ര അർലേക്കറുടെയും പിതാവ് വിശ്വനാഥ് അർലേക്കറുടെയും അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ലേഖനം. രാജ്ഭവനിലെ സ്വന്തം മുറിയില്‍ ഹെഡ്‌ഗേവാര്‍, ഗോള്‍വള്‍ക്കര്‍, 'ഭാരത മാതാവ്'എന്നീ ചിത്രങ്ങളുടെ താഴെ ഇരുന്നാണ് ഗവര്‍ണര്‍ അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ പങ്കുവെച്ചതെന്ന് ലേഖകന്‍ പ്രത്യേകം എടുത്തു പറഞ്ഞത് സമകാലീന രാഷ്ടീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാകണം.

ഗവർണർ രാജേന്ദ്ര അർലേക്കർ
ആര് വീഴും, ആര് വാഴും? നിലമ്പൂരിൽ വോട്ടെണ്ണൽ നാളെ; ആദ്യ ഫലസൂചന എട്ടരയോടെ

പഠനത്തേക്കാൾ താല്‍പ്പര്യം ആർഎസ്എസ് ശാഖയിലായിരുന്നു എന്ന് ലേഖനത്തില്‍ അർലേക്കർ പറയുന്നു. അടിയന്തരാവസ്ഥ കാലത്ത് ഭാരതമാതാവിന് വേണ്ടി കൂടുതൽ പ്രവർത്തിക്കണമെന്ന ആഗ്രഹം ശക്തമായി. സംഘപ്രചാരകനാകാനുള്ള പ്രേരണ പ്രബലമായെന്നും രാജേന്ദ്ര ആർലേക്കർ പറയുന്നു. ഗോവയില്‍ അടിന്തരാവസ്ഥക്കെതിരായ പോരാട്ടത്തിനു നേതൃത്വം നല്‍കിയതും പങ്കാളികളായതും സംഘവും ജനസംഘവും ആണെന്നു ഗവര്‍ണര്‍ ലേഖനത്തില്‍ പറയുന്നു."അന്നു ഗോവയില്‍ അറസ്റ്റിലായത് ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകരായിരുന്നു. കമ്മ്യൂണിസ്റ്റുകാരോ സോഷ്യലിസ്റ്റുകളോ ജയിലിലായില്ല. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇവരും ഞങ്ങളുമൊക്കെ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഫലം അനുകൂലമായിരുന്നില്ല," അർലേക്കർ കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക പരിപാടികളില്‍ രാജ്‍‌ഭവന്‍ 'ഭാരതാംബ' ചിത്രം ഉപയോഗിക്കുന്നത് വലിയ തോതിലുള്ള പ്രത്യയശാസ്ത്ര വിവാദങ്ങള്‍ക്കാണ് കേരളത്തില്‍ വഴിവെച്ചത്. ഗവർണറുടേത് ആർഎസ്എസ് നയം പ്രാവർത്തികമാക്കാനുള്ള ശ്രമം ആണെന്നാണ് ഭരണ-പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും ആരോപിക്കുന്നത്. നേരത്തെ പരിസ്ഥിതി ദിനത്തിലും, സ്‌ക്കൗട്ട്‌ ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്കാർ വിതരണ ചടങ്ങിലും രാജ്‌ഭവനില്‍ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ഗവർണർ രാജേന്ദ്ര അർലേക്കർ
EXCLUSIVE | "ആശങ്ക നിറഞ്ഞ ദിവസങ്ങളും, നീണ്ട യാത്രകളും തളർത്തി"; ഇറാനിൽ നിന്ന് പ്രത്യേക വിമാനത്തിലെത്തിയ ഏക മലയാളി വിദ്യാർഥിനി നാട്ടിലെത്തി

സർക്കാർ അതിരൂക്ഷമായാണ് ഗവർണറുടെ ഈ നടപടിയെ വിമർശിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഭരണഘടനയുടെ പ്രാധാന്യം എടുത്തു പറഞ്ഞ ശേഷം സ്‌ക്കൗട്ട്‌ ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ശിവന്‍കുട്ടിയുടേത് പ്രോട്ടോക്കോള്‍ ലംഘനം ആണെന്ന് രാജ്‍ഭവന്‍ ആരോപിച്ചതിനു പിന്നാലെ ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും സർക്കാർ തീരുമാനമായി. ഇതിനു പിന്നാലെയാണ് ജന്മഭൂമിയില്‍ ഗവർണർ രാജേന്ദ്ര അർലേക്കറുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ വിവരിക്കുന്ന ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അടിയന്തരാവസ്ഥ കാലത്ത് രാജേന്ദ്ര അർലേക്കറും പിതാവും ഒരേ ജയിലിലാണ് കഴിഞ്ഞിരുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. പിതാവ് വിശ്വനാഥ് അർലേക്കർ അടിയന്തരാവസ്ഥ അവസാനിക്കുന്നതുവരെ 21 മാസം ജയിലിലായിരുന്നു. വിദ്യാര്‍ഥിയായ രാജേന്ദ്ര ആറു മാസത്തിനകം മോചിതനായെന്നും ലേഖനത്തില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com