തിരുവനന്തപുരം: ഡിജിറ്റൽ-സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ ഗവർണർ-സർക്കാർ സമവായം. സാങ്കേതിക സർവശാലയിൽ സിസാ തോമസിന്റെ നിയമനത്തിന് സർക്കാർ വഴങ്ങി. ഡിജിറ്റൽ സർവകലാശാലയിൽ വിസിയായി ഡോ. സജി ഗോപിനാഥിനെ ഗവർണറും അംഗീകരിച്ചു. മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
വിസി നിയമനത്തിനായി ഓരോ പേരുകൾ മാത്രം നിർദേശിക്കാനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ കമ്മിറ്റി റിപ്പോർട്ട് നാളെ സുപ്രീം കോടതിക്ക് സമീപിക്കാൻ ഇരിക്കവേയാണ് നിയമനം. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരും ഗവർണറും സമവായത്തിൽ എത്തിയെന്നും രണ്ടുപേരെ നിയമിച്ചെന്നും ധൂലിയ നാളെ കോടതിയെ അറിയിക്കും.
കെടിയു, ഡിജിറ്റൽ വി.സി നിയമനത്തിൽ സർക്കാരും ഗവർണറും ഭിന്നത തുടർന്നപ്പോഴാണ് സുപ്രീം കോടതി ഇടപെട്ടത്. ഇരു സർവകലാശാലകളിലേക്കും സ്ഥിരം വിസി നിയമനത്തിന് ഓരോ പേരുകൾ വീതം നിർദേശിക്കണമെന്നാണ് സുധാൻഷു ധൂലിയ കമ്മിറ്റിയോട് സുപ്രീം കോടതി ഉത്തരവിട്ടുത്. മുദ്രവച്ച കവറിൽ ബുധനാഴ്ക്കകം പേരുകൾ നൽകണമെന്നായിരുന്നു ഉത്തരവ്. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ സമവായത്തിലെത്തായതോടെയായിരുന്നു സുപ്രീം കോടതിയുടെ അസാധാരണ നടപടി.