തിരുവനന്തപുരം: ക്യാംപസുകളിലെ വിദ്യാർഥി രാഷ്‌ട്രീയത്തിന് എതിരെ വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ക്യാംപസുകൾ പവിത്രമായ സ്ഥലമാണ് എന്നും രാഷ്‌ട്രീയം ക്യാംപസിന് പുറത്ത് നിർത്തണമെന്നും ഗവർണർ അറിയിച്ചു. ക്യാംപസുകളിലെ രാഷ്‌ട്രീയവൽക്കരണം അവസാനിപ്പിച്ചില്ലെങ്കിൽ വിദ്യാർഥികളുടെ ഭാവി നശിക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
മുമ്പും സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് ഗവർണർ വിസിമാർക്ക് നിർദേശം നൽകിയിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിന് കടിഞ്ഞാണിടാനുള്ള മാർഗരേഖ നടപ്പാക്കാനും ഗവർണർ അറിയിപ്പ് നൽകിയിരുന്നു.
മലയാള സര്‍വകലാശാലയിലെ വിദ്യാർഥി രാഷ്‌ട്രീയം തടഞ്ഞുകൊണ്ട് ഗവർണർ ഉത്തരവിട്ടിരുന്നു. രാഷ്‌ട്രീയ പ്രവർത്തനം നടത്തിയാൽ അത് അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നു.
രാജേന്ദ്ര ആർലേക്കർ തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണ് എന്നായിരുന്നു വിവാദ ഉത്തരവിനെ തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിൻ്റെ പ്രതികരണം. സർവകലാശാലകളിലെ വിദ്യാർഥി സംഘടന പ്രവർത്തനത്തെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ സർവകലാശാലകളിലേക്ക് ഗവർണർ അയച്ച ഉത്തരവ് അതീവ ഗുരുതര സ്വഭാവത്തോടെ കാണണം എന്നും സഞ്ജീവ് പറഞ്ഞിരുന്നു.
ഗവർണറുടെ ഉത്തരവിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. വിവാദമായതോടെ ഉത്തരവ് പിൻവലിക്കാൻ സർവകലാശാല നിർബന്ധിതരാവുകയും, വിദ്യാർഥി പ്രതിഷേധം കണക്കിലെടുത്ത് ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു.