പിഎസ്‌സി ചെയർമാനെ പുറത്താക്കണമെന്ന ​ഗവർണറുടെ ശുപാർശ; നടപടി നിയമവിരുദ്ധവും ഭരണഘടനയോടുള്ള ലംഘനവുമെന്ന് പിണറായി വിജയൻ

ഗവർണറുടെ നടപടിക്ക് സർക്കാരിൻ്റെ പിന്തുണയെന്ന് എൽഡിഎഫ്
പിഎസ്‌സി ചെയർമാനെ പുറത്താക്കണമെന്ന ​ഗവർണറുടെ ശുപാർശ; നടപടി നിയമവിരുദ്ധവും ഭരണഘടനയോടുള്ള ലംഘനവുമെന്ന് പിണറായി വിജയൻ
Published on: 
Updated on: 

തിരുവനന്തപുരം: സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുൻപ് പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനുള്ള ​ഗവർണറുടെ അസാധാരണ നീക്കത്തിൽ പ്രതികരിച്ച് ഭരണ-പ്രതിപക്ഷ നേതാക്കൾ. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവര്‍ണർ സ്ഥാനമൊഴിഞ്ഞ് പോകുന്ന പോക്കില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഇത്തരത്തിലൊരു ശുപാര്‍ശ നടത്തിയതെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പിഎസ്‌സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല, അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു. പിഎസ്‌സിയെ പിരിച്ചുവിടാന്‍ ഗവര്‍ണറുടെ ഈ നിയമവിരുദ്ധ പ്രവര്‍ത്തി മറയാക്കി സംസ്ഥാന സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും അതോ ഗവര്‍ണറുടെ നിലപാടിനെ അപലപിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്നാൽ, ​ഗവർണറുടെ നീക്കത്തിൽ യുഡിഎഫ് അസ്വാഭാവികത കാണുന്നില്ല. തീരുമാനത്തെ പ്രതികൂലിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഒരുപാട് ആക്ഷേപങ്ങളാണ് പിഎസ്‌സിയെ കുറിച്ച് പുറത്ത് വന്നത്. എസ്ഐടി അന്വേഷണങ്ങളോട് സഹകരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ലെന്നും സർക്കാർ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുരളീധരൻ പറഞ്ഞു. കള്ളത്തരം കാണിച്ചാൽ അതൊരു കീഴ്വഴക്കമാകുമെന്നും കക്കുന്നവനെ പുറത്താക്കുന്ന കീഴ്വഴക്കം ഇനിയും തുടരുമെന്നും കെ. മുരളീധരൻ പറഞ്ഞു.

പിഎസ്‌സി ചെയർമാനെ പുറത്താക്കണമെന്ന ​ഗവർണറുടെ ശുപാർശ; നടപടി നിയമവിരുദ്ധവും ഭരണഘടനയോടുള്ള ലംഘനവുമെന്ന് പിണറായി വിജയൻ
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ഉദ്യോഗസ്ഥരെ പ്രതി ചേർത്തു

ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയത് പോലെയാണ് പിഎസ്‌സി സർക്കാർ നിയമനം അട്ടിമറിച്ചതെന്ന് മന്ത്രി ടി. സിദ്ദിഖ് പ്രതികരിച്ചു. പിഎസ്‌സിക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഇമ്മ്യൂണിറ്റി ആയിരുന്നു, ഈ വൃത്തികേടുകൾ ചെയ്യാൻ ഉള്ള കരുത്തെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. ക്രമക്കേടിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ​ഗവർണറുടെ തീരുമാനത്തെ മന്ത്രി ബിന്ദു കൃഷ്ണയും പിന്തുണച്ചു. പിഎസ്‌സിയിലെ അഴിമതി ഏതു കൊച്ചുകുട്ടിക്കും അറിയാമെന്നും ബിജെപി ബന്ധം പറഞ്ഞ് അഴിമതികൾ മൂടിവയ്ക്കാമെന്ന് എൽഡിഎഫ് നേതാക്കൾ കരുതേണ്ടയെന്നും മന്ത്രി പറഞ്ഞു. നടപടിയുണ്ടായാൽ പുതിയ ചെയർമാനെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ വിമർശിച്ചു. ബിജെപിയുടെ രാഷ്ട്രീയത്തിന് സഹായകരമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. പിഎസ്‌സിയെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com