"ദിയാധനം വാങ്ങാന്‍ ബന്ധുക്കള്‍ സമ്മതിക്കുമ്പോള്‍ മതപണ്ഡിതനെ വാഴ്ത്താം"; നിമിഷപ്രിയയുടെ മോചനത്തിൽ അവകാശവാദവുമായി ഗവർണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

ഗവർണർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ചാണ്ടി ഉമ്മൻ്റെ ശബ്ദ സന്ദേശം രാജ്ഭവൻ പുറത്തുവിട്ടിരുന്നു
ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം ശ്രീകുമാർ
ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം ശ്രീകുമാർSource: Facebook Sreekumar
Published on

തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനത്തിൽ അവകാശവാദവുമായി ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാർ. ചിലരുടെ അവകാശവാദങ്ങളും പുകഴ്ത്തലുകളും കണ്ടപ്പോള്‍ ചിരി വരുന്നുവെന്നും ഗവര്‍ണറുടെ ഇടപെടലില്‍ മനുഷ്യത്വം നയതന്ത്രത്തെ തോല്‍പ്പിച്ചുവെന്നും ശ്രീകുമാർ ഫേസ്ബുക്കില്‍ കുറിച്ചു. ഗവർണർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ചാണ്ടി ഉമ്മൻ്റെ ശബ്ദ സന്ദേശം രാജ്ഭവൻ പുറത്തുവിട്ടിരുന്നു.

കേരള ഗവര്‍ണറുടെ സത്യസന്ധമായ ഇടപെടല്‍ വിഷയത്തിലുണ്ടായിയെന്ന് പി. ശ്രീകുമാർ ഫേസ്ബുക്കില്‍ കുറിച്ചു. ചാണ്ടി ഉമ്മന്‍ അമ്മയൊടൊപ്പം വന്ന് 'എങ്ങനെയെങ്കിലും സഹായിക്കണം' എന്ന് അഭ്യർത്ഥിച്ചു. ദിയാ ധനവുമായി ബന്ധപ്പെട്ട് മത പണ്ഡിതന്റെ സഹായം തേടുന്നതില്‍ കുഴപ്പം ഉണ്ടോയെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. ലക്ഷ്യമാണ്‌ വലുത് മാര്‍ഗമല്ല എന്നതായിരുന്നു ഗവർണറുടെ മറുപടി. മത പണ്ഡിതന്റെ പങ്ക് വരാന്‍ പോകുന്നതേയുളളുവെന്നും ദിയാ ധനം വാങ്ങാന്‍ ബന്ധുക്കള്‍ സമ്മതിക്കുമ്പോള്‍ നമുക്ക് അദ്ദേഹത്തെ വാഴ്ത്താമെന്നും പി. ശ്രീകുമാർ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് , യെമനിലെ ക്രിമിനൽ കോടതി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നിർദേശപ്രകാരം സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമറിൻ്റെ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. കേരളത്തിൽ നിന്നുള്ള സുന്നി നേതാവിന്റെ ഇടപെടൽ യെമൻ പത്രങ്ങളിലും വാർത്തയായി.

ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം ശ്രീകുമാർ
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ആശ്വാസജനകം; തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം മുസ്ലിയാരുടെ ഇടപെടല്‍: മുഖ്യമന്ത്രി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നിമിഷപ്രിയയുടെ വധശിക്ഷ നടത്തിപ്പ് മാറ്റി വെച്ചു.

തൊട്ടുപുറകെ ചിലവരുടെ അവകാശവാദങ്ങളും പുകഴ്ത്തലുകളും കണ്ടപ്പോള്‍ ചിരിയാണു വന്നത്.

കഴിഞ്ഞ 9 വര്‍ഷം ഇവരൊക്കെ എവിടെയായിരുന്നു.

ഈ വിഷയത്തില്‍ കേരള ഗവര്‍ണറുടെ സത്യസന്ധമായ ഇടപെടല്‍ അടുത്ത് നിന്നാണ് കണ്ടത്.

ചാണ്ടി ഉമ്മന്‍ അമ്മയൊടൊപ്പം വന്ന് 'എങ്ങനെയെങ്കിലും സഹായിക്കണം ' എന്ന് അഭ്യര്‍ത്ഥിച്ചതു മുതല്‍ ഗവര്‍ണര്‍ നടത്തിയ ഇടപെടലുകളുടെ വഴികള്‍ അറിയാമെങ്കിലും പറയുന്നതില്‍ ശരികേടുണ്ട്.

മൂന്ന് പ്രധാന കാര്യങ്ങളാണ് ആവശ്യമായത്.

നിശ്ചയിച്ച വധശിക്ഷ നീട്ടിവെയ്ക്കണം.

ദയാധനം വാങ്ങാന്‍ കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളെ പ്രേരിപ്പിക്കണം.

ദയാധനം നല്‍കി നിമിഷയെ മോചിപ്പിക്കണം.

മധ്യസ്ഥനാകാന്‍ സമ്മതം മുളിയ മറ്റൊരു രാജ്യത്തെ 'യുവരാജാ'വിന് വേണ്ടത് ഇന്ത്യയുടെ ഔദ്യോഗികമായ അഭ്യര്‍ത്ഥന.

അത്തരമൊരു കത്ത് നല്‍കുന്നതില്‍ നയതന്ത്രപരമായി ചില പ്രശ്‌നങ്ങള്‍.

ഗവര്‍ണറുടെ ഇടപെടല്‍ മനുഷത്വം നയതന്ത്രത്തെ തോല്‍പ്പിച്ചു.

കേന്ദ്രം സുപ്രീം കോടതിയില്‍ 'വഴിവിട്ട' ചില മാര്‍ഗ്ഗങ്ങള്‍ തേടി എന്നു പറഞ്ഞതതാണ്.

ബന്ധപ്പെട്ടവരെല്ലാം ഗവര്‍ണറോട് പറഞ്ഞത് പണം ഒരു പ്രശ്‌നം അല്ലന്ന്.

പിന്നെ മൂന്നാമത്തെ കാര്യം

ദയാധനം വാങ്ങാന്‍ ബന്ധുക്കളെക്കൊണ്ട് സമ്മതിപ്പിക്കുക .

മത പണ്ഡിതന്റെ സഹായം ഇതിനായി തേടുന്നതില്‍ കുഴപ്പം ഉണ്ടോ എന്ന ചാണ്ടി ഉമ്മന്റെ ചോദ്യത്തിന് ലക്ഷ്യമാണ്‌ വലുത് മാര്‍ഗ്ഗമല്ല എന്നതായിരുന്നു മറുപടി.

പുകഴ്ത്തലുകാര്‍ ശ്രദ്ധിക്കുക. മത പണ്ഡിതന്റെ പങ്ക് വരാന്‍ പോകുന്നതേയുളളു.

ദയാ ധനം വാങ്ങാന്‍ ബന്ധുക്കള്‍ സമ്മതിക്കുമ്പോള്‍ നമുക്ക് അദ്ദേഹത്തെ വാഴ്ത്താം.

കര്‍ട്ടനു പിന്നില്‍നിന്ന് കരുക്കള്‍ നീക്കിയ പലരും ഉണ്ട്.

ഇതുവരെയുള്ള ജയം അവരുടേതാണ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com