ജയിൽ ചാടിയ പ്രതി ഗോവിന്ദച്ചാമി പിടിയിലായതിൽ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദച്ചാമി കണ്ണൂർ വിടാനുള്ള സമയം കിട്ടിയിട്ടില്ലെന്ന് നേരത്തെ താൻ പറഞ്ഞിരുന്നു. പൊലീസുകാർ അയാളുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. പിടിക്കപ്പെടുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും പ്രതിയെ പിടികൂടിയ പൊലീസുകാരോട് നന്ദിയുണ്ടെന്നും സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.
"പ്രതിയെ പിടികൂടുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. പിടികൂടിയതിൽ സന്തോഷമുണ്ട്. എന്നാൽ പ്രതികൂടിയ പ്രതിക്ക് ഇനി മതിയായ സുരക്ഷ നൽകിയില്ലെങ്കിൽ വീണ്ടും ഇത് ആവർത്തിക്കും. അത് പാടില്ല. ഒറ്റക്കൈ വെച്ചാണ് ഇത്രയും കാര്യങ്ങൾ അവൻ ചെയ്തത് എന്ന് ഓർക്കണം. എന്നാൽ അത്രയും വലീയ മതിൽ ചാടികടക്കാൻ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. അത് ആരാണെന്ന് കണ്ടെത്തണം. ഉദ്യോഗസ്ഥരാണോ എന്നത് അറിയില്ല. എന്നാൽ എങ്ങനെ ജയിൽ ചാടി എന്നതിൽ കൃത്യമായ അന്വേഷണം വേണം. ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കണം", അമ്മ സുമതി.
ഇന്ന് പുലർച്ചെ 1.30 ഓടെ ജയിൽ ചാടിയ പ്രതിയെ രാവിലെ 10. 45നാണ് പിടികൂടുന്നത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഗോവിന്ദച്ചാമി പിടിയിലായത്. കണ്ണൂര്‍ തളാപ്പിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സെക്യൂരിറ്റിയായ ഉണ്ണിയാണ് ആദ്യം പ്രതിയെ കണ്ടത്. പിടികൂടിയ ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.