
തിരുവനന്തപുരം: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ 11 മണിക്കാണ് യോഗം. പൊലീസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഇന്ന് പുലർച്ചെ ഒന്നേകാലോടെയാണ് കണ്ണൂർ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെയാണ് ജയിൽ അധികൃതർ പ്രതി ചാടിപ്പോയ വിവരം അറിയുന്നത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. കണ്ണൂരിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ പഴയ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് കൊടും കുറ്റവാളിയെ കണ്ടെത്തിയത്. ഏഴര മീറ്റർ നീളമുള്ള ജയില്‍ മതിലിൽ പുതപ്പ് പിരിച്ചുകെട്ടി ഊർന്നിറങ്ങിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ജയിലിന് പുറത്തുനിന്ന് ഇയാൾക്കിതിന് സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുകയാണ്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ച് തെളിവെടുത്തു . ജയിൽ ചാടാൻ ആരും സഹായിച്ചിട്ടില്ലെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴിയെങ്കിലും അന്വേഷണ സംഘം ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല . വീഴ്ച വരുത്തിയ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ ഉത്തരമേഖലാ ജയിൽ ഡിഐജി സസ്പെൻഡ് ചെയ്തു. ടവർ ഓഫീസറുടെ ചുമതല ഉണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ് എ.കെ , ബ്ലോക്ക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ സഞ്ജയ് എസ്, സിസിടിവി കൺട്രോൾ റൂമിന്റെ ചുമതല ഉണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഖിൽ ചാരിറ്റ് എന്നിവർക്കെതിരെയാണ് നടപടി. ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. എന്നാൽ, ജയിൽ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ് ജയിൽ ചാട്ടത്തിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.