വയലിന് നടുവിലായി ഒരു ചായപ്പീടിക തുടങ്ങിയാൽ വിജയിക്കുമോ. സംശയമെന്നാണ് മറുപടിയെങ്കിൽ അത് തിരുത്തേണ്ടി വരും. കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിൽ വയലിന് നടുവിലായി തുടങ്ങിയ ചായക്കടയിലേക്ക് ദൂരെ നിന്ന് പോലും ആളുകളെത്തുകയാണ്. എന്താണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത് എന്ന് നോക്കാം.
നോക്കെത്താ ദൂരം നീണ്ടുകിടക്കുന്ന പാടത്തിനു നടുവിലൂടെ, നടപ്പാതക്ക് അരികിൽ ഒരു നാടൻ ചായപ്പീടിക. ഇതിൻ്റെ ഭംഗി ആസ്വദിച്ച് മഴയത്ത് ഒരു ചായ കുടിക്കാൻ വേണ്ടി മാത്രമാണ് നാട്ടുകാരും പുറം നാട്ടുകാരും ഇവിടേക്ക് എത്തുന്നത്. കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിലെ നടപ്പാതവയലിലെ ചായപ്പീടിക വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ഇവിടുത്തെ പരിപ്പുവടയുടെ രുചിയറിഞ്ഞവർ ഒരിക്കലും ഈ ഇടം മറക്കില്ല. വൈകുന്നേരമായാൽ വലിയ തിരക്കാണ് ഇവിടമാകെ.
വ്യത്യസ്ത രുചിയുള്ള പച്ച പരിപ്പുവടയാണ് ഇവിടത്തെ ചായയോടൊപ്പമുള്ള പ്രധാന കോമ്പിനേഷൻ. മറ്റ് നിരവധി നാടൻ പലഹാരങ്ങളും ഉണ്ട്. തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളിൽ പ്രകൃതി രമണീയതയും രുചികളും ആസ്വദിക്കാൻ നിരവധി പേരാണ് കുടുംബസമേതം വെള്ളിയൂരിലെ നടപ്പാതവയലിലെ ചായപ്പീടികയിലെത്തുന്നത്.