അര നൂറ്റാണ്ടിലേറെ കാലമായി കുട നിർമാണത്തിൽ വിപ്ലവ ഗാഥ രചിയ്ക്കുകയാണ് മുൻ നക്സലൈറ്റും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രാേ വാസു. വയസ് 96 ആയെങ്കിലും തിരുനെല്ലിയിൽ വർഗീസിനൊപ്പം വിപ്ലവ നിരയിൽ സജീവമായിരുന്ന ഗ്രോ വാസു ഇന്നും ഊർജസ്വലനാണ്. മാരിവിൽ കുടകൾ എന്ന പേരിൽ ഗ്രോ വാസുവും കുടുംബവും നിർമിക്കുന്ന കുടകൾ മഴക്കാല വിപണിയിൽ സജീവമാണ്.
1962ലാണ് ഹീറോ അംബ്രല്ലാ എന്ന പേരിൽ കുടനിർമാണത്തിനുള്ള ആശയത്തിന് മുള പൊട്ടിയത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വളണ്ടിയർ കോറിൻ്റെ കോഴിക്കോട് ജില്ലാ ക്യാപ്റ്റൻ ആയ വാസുവേട്ടൻ പാർട്ടിയുടെ ബാൻഡ് സെറ്റിന് വേണ്ടിയാണ് ഒരു കുടക്കുറി തുടങ്ങിയത്. എന്നാൽ പിന്നീട് ഗ്രോവാസു എന്ന വിപ്ലവകാരിയുടെ പ്രധാന ജീവിതോപാധിയായി കുട നിർമാണം.
അവനവനുള്ള അപ്പം അവനവൻ തന്നെ കണ്ടെത്തണമെന്ന കണിശമായ നിലപാടാണ് വാസുവേട്ടന്. ഈ 96-ാം വയസിലും കുട തുന്നുകയാണ് അദ്ദേഹം. പാർട്ടി പ്രവർത്തനങ്ങൾക്കിടയിൽ ആലോചിച്ച് തീരുമാനിച്ചെടുത്തതാണ് കുട നിർമാണ ജോലി. വാർധക്യത്തിൻ്റെ അവശതകളൊന്നും പേറാതെ ഇന്നും രാഷ്ട്രീയ സമര വേദികളിൽ സജീവമാണ് ഗ്രോ വാസു. സ്വയം പര്യാപ്തമാകുക എന്ന ഏതൊരു രാഷ്ട്രീയപ്രവർത്തകന്റെയും പ്രാഥമിക മാതൃക വാസുവേട്ടൻ ഉറപ്പിച്ചു പറയുന്നു.
പുതു തലമുറയോട് രാഷ്ട്രീയ ജീവിതത്തിലും സ്വയംപര്യാപ്തത അത്യാവശ്യമാണെന്ന നിലപാടാണ് വാസുവേട്ടൻ പങ്കുവയ്ക്കുന്നത്. ആ മാതൃക ഉയർത്തിക്കാട്ടി ഗ്രോവാസു തൻ്റെ രാഷ്ട്രീയ ജീവിതം 90കളിലും മുന്നോട്ടു കൊണ്ടുപോവുകയാണ് അദ്ദേഹം. മഴയിലും വെയിലിലും തണലാകുന്ന കുട നെയ്ത്ത്.