
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യിലെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗ്രേഡ് എസ്. ഐ സജിയുടെ കൈയിലെ പിസ്റ്റളിൽ നിന്നാണ് വെടി പൊട്ടിയത്.
ഇന്ന് രാവിലെ 9 മണിയോടെ ക്ഷേത്രത്തിലെ ആയുധങ്ങൾ സൂക്ഷിക്കുന്ന ബെല്ലി ആമിൽ നിന്നാണ് വെടി ഒച്ച ആളുകൾ കേൾക്കുന്നത്. ശബ്ദം കേട്ട് പെട്ടന്ന് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ആളുകളും പരിഭ്രാന്തരായി. ആയുധം താഴേക്ക് ചൂണ്ടിയതിനാൽ വെടിയുണ്ട തറയിലാണ് പതിച്ചത്. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. നിലവിൽ ആളുകൾക്ക് പരിക്കോ സാധനങ്ങൾക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ല.
അതീവ സുരക്ഷാ മേഖലയിൽ സംഭവിച്ച വീഴ്ചയിൽ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ആയുധ ശാലയുടെ ചുമതല ഉള്ള ഗ്രേഡ് എസ്. ഐ. സജി യുടെ കൈയ്യിലെ പിസ്റ്റളിൽ നിന്നാണ് അബദ്ധത്തിൽ വെടി പൊട്ടിയത്. ഇയാൾ രാവിലെയാണ് ഡ്യൂട്ടിക്ക് എത്തിയത്. അതിന് മുൻപ് ഡ്യൂട്ടിയിൽ ഉണ്ടായ ഉദ്യോഗസ്ഥൻ തോക്കിൽ തിര നിറച്ച് ലോഡ് ചെയ്ത് വച്ചതാവാം എന്നാണ് പൊലീസ് നിഗമനം.