ഡൽഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഭക്തരുടെ തിരക്കുണ്ടെന്ന കാരണത്താല്‍ പൂജാ ദിവസം മാറ്റാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഉത്തരവ് ദേവസ്വത്തിനും തന്ത്രിക്കും തിരിച്ചടിയായിരിക്കുകയാണ്.
കാലങ്ങളായി പിന്തുടർന്നുവരുന്ന ക്ഷേത്രാചാരങ്ങൾ, അനുഷ്ടാനങ്ങൾ, പൂജകൾ എന്നിവയിൽ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് കാണിച്ച് ഗുരുവായൂർ ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ക്ഷേത്രാചാരങ്ങളിൽ തന്ത്രി ചില മാറ്റങ്ങൾ വരുത്തിയിരുന്നുവെന്ന് കോടതിയെ ഹർജിക്കാർ അറിയിച്ചു. എന്നാൽ തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും സുപ്രീം കോടതി അറിയിച്ചു.