ഭക്തജന തിരക്ക്; ഗുരുവായൂരിലും വെർച്വൽ ക്യൂ സംവിധാനം

ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേകയോഗത്തിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
Guruvayur Sree Krishna Temple
Published on
Updated on

തൃശൂർ: ശബരിമലക്ക് പിന്നാലെ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നു. വർധിച്ച് വരുന്ന ഭക്തജന തിരക്ക് കണക്കിലെടുത്ത് ദർശനം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേകയോഗത്തിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

ക്ഷേത്രത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത് ചർച്ച ചെയ്യുന്നതിനാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. ക്ഷേത്ര വികസനത്തിൻ്റെ ആദ്യപടിയെന്ന നിലയിലാണ് വെർച്യൽ ക്യൂ സംവിധാനം ഏർപ്പെടുത്തുക. ശബരിമലയിലെ മാതൃക ഉൾക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ കൂടുതൽ വിപുലീകരിക്കാനാണ് തീരുമാനം. ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ദർശനം സുഗമമാക്കാനുമാണ് പുതിയ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

Guruvayur Sree Krishna Temple
ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ച് സർക്കാരും സമരക്കാരും; പാരിയത്തുകാവ്‌ കുടിയൊഴിപ്പിക്കലിൽ ധാരണ

ഭക്തജനങ്ങൾക്ക് ആവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കി ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര വികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ വേഗത്തിൽ തയ്യാറാക്കും. ഒൻപത് മാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ക്ഷേത്രത്തിന് നഷ്ടപ്പെട്ട ഭൂമി തിരികെ പിടിക്കുക, വെങ്ങാട് ഗോശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കുക, ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ ആനകളുടെ ചികിത്സയും സൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലും യോഗത്തിൽ ധാരണയായി. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, റവന്യൂ ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

News Malayalam 24x7
newsmalayalam.com