
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ നിന്ന് ഉപകരണം കാണാതായെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്. ഡിഎംഇ നാളെ മുതൽ മൊഴിയെടുക്കും. വകുപ്പുതല അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ കേസ് പൊലീസിന് കൈമാറാൻ ആണ് ധാരണ. ടിഷു മോർസിലേറ്റർ വിത്ത് മോർസിലോസ്കോപ്പ് എന്ന ഉപകരണത്തിന്റെ ഒരു ഭാഗം കാണാതായി എന്നായിരുന്നു മന്ത്രി വീണ ജോർജിന്റെ വെളിപ്പെടുത്തൽ. ഡോക്ടർ ഹാരിസിനെ സംശയ നിഴലിൽ നിർത്തിയായിരുന്നു ഈ വെളിപ്പെടുത്തലും.
ഉപകരണം അവിടെത്തന്നെയുണ്ടെന്നാണ് ഡോക്ടർ ഹാരിസിന്റെ മറുപടി. ഉപകരണ ക്ഷാമത്തെ കുറിച്ചുള്ള ഡോക്ടർ ഹാരിസിന്റെ തുറന്നുപറച്ചിലിനെ തുടർന്ന് വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തിലാണ് ഈ ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്. വകുപ്പുതല അന്വേഷണത്തിനും വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തുന്നത്. സൂപ്രണ്ട് ഡോക്ടർ ഹാരിസ് വകുപ്പിലെ മറ്റു ഡോക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് നാളെ മൊഴിയെടുക്കും.
ഡോക്ടർ ഹാരിസ് പറഞ്ഞതുപോലെ ഉപകരണം ഡിപ്പാർട്ട്മെന്റ് തന്നെ ഉണ്ടെങ്കിൽ വിദഗ്ധസമിതിയുടെ അന്വേഷണ സമയത്ത് ഈ ഉപകരണത്തിന് എന്താണ് സംഭവിച്ചത് എന്നുള്ളതിൽ വിശദമായി മൊഴി രേഖപ്പെടുത്തും. ആ ഉപകരണം ഉപയോഗിക്കാനാകാത്തതാണ് പ്രശ്നമെങ്കിൽ അതിൽ എന്ത് പരിഹാരം കണ്ടെത്തണം എന്നതും വകുപ്പുതല അന്വേഷണത്തിന് ശേഷം തീരുമാനിക്കും. അതേസമയം ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് ഡോക്ടർ ഹാരിസ് നാളെയോ മറ്റന്നാളോ മറുപടി നൽകിയേക്കും. വിദഗ്ധ സമിതിക്ക് മുന്നാകെ സമർപ്പിച്ച രേഖകൾ സഹിതമാണ് മറുപടി നൽകുക.
സ്വാഭാവിക പ്രക്രിയയുടെ ഭാഗമായി ഹാരിസിൽ നിന്ന് മറുപടി കിട്ടിയശേഷം ഫയൽ മടക്കുകയാണെങ്കിൽ ഹാരിസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല. അതേസമയം തുടർച്ചയായി സർവീസ് ചട്ടലംഘനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർ ഹാരിസിനെതിരെ നടപടി വേണമെന്ന സർക്കാർ തീരുമാനിച്ചാൽ ഒരുപക്ഷേ താക്കീത് നൽകിയെക്കും. ഡോക്ടർ ഹാരിസിന് കിട്ടുന്ന പിന്തുണയും ഡോക്ടർമാരുടെ സമരപ്രഖ്യാപനവും കടുത്ത നടപടികളിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുകയാണ്.