
തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെ പുകഴ്ത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോ. ഹാരിസ് സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് ആരോഗ്യമന്ത്രി. ഡോക്ടർ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.
ഡോ. ഹാരിസ് വളരെ കൃത്യമായി ചില കാര്യങ്ങൾ പറയുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമായി കാണണം. ഇതാണ് സർക്കാർ പരിഹരിക്കാൻ ശ്രമിക്കുന്നത്. ഡോ. ഹാരിസ് ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തുന്നതിന് വേണ്ടിയാണ് ചെയ്തത് എന്ന് കരുതുന്നു. ഈ വിഷയങ്ങൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 2015 മുതലുള്ള മുഴുവൻ ഡാറ്റായും പുറത്തുവിടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ പ്രവർത്തകർ ആത്മസമർപ്പണത്തോടെ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ സർക്കാർ ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണം പരിശോധിക്കണം. സർക്കാർ സംവിധാനത്തിലേക്ക് എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഡിയോളജി രോഗികൾ എത്തുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി. സർക്കാർ ആശുപത്രികളിലേക്ക് അത്രയും ആളുകൾ വരുന്നത് വിശ്വാസ്യത ഒന്നുകൊണ്ടു മാത്രമാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
അതേസമയം, ഉപകരണങ്ങൾ വാങ്ങാനായി കഴിഞ്ഞ സാമ്പത്തിക വർഷം 67 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് യൂറോളജി വിഭാഗത്തിന്റെ വിശദീകരണം. കഴിഞ്ഞ വർഷം യൂറോളജി വിഭാഗത്തിൽ 2,898 ശസ്ത്രക്രിയകൾ നടന്നെന്നും യൂറോളജി വിഭാഗം അറിയിച്ചു. 1600 കോടി രൂപ സൗജന്യ ചികിത്സക്ക് വേണ്ടി ചിലവഴിച്ചുവെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി. ആർദ്രം പദ്ധതിയിലൂടെ ആയിരകണക്കിന് തസ്തികകൾ സൃഷ്ടിച്ചു. 2021ൽ രണ്ടര ലക്ഷം ആളുകൾക്ക് സൗജന്യ ചികിത്സ നല്‍കിയെന്നുമാണ് വീണാ ജോർജ് പറഞ്ഞത്.
ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങള്‍ പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുകയാണ്. മെഡിക്കൽ കൊളേജുകളെ കുറിച്ച് ഡോക്ടർ ഹാരിസ് പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എല്ലാ മെഡിക്കൽ കൊളേജുകളുടെയും അവസ്ഥ ശോചനീയമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.