തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി ആരോഗ്യ വകുപ്പ് സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പൊങ്കാല ദിവസം 10 പോയിന്റുകളില്‍ മെഡിക്കല്‍ ടീമും ആംബുലന്‍സുകളും സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രാവിലെ 5 മണി മുതല്‍ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ ഉള്‍പ്പെടെ 108 ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാന്‍ നാല് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്‍സ് ടീം, ഗൂര്‍ഖ ആംബുലന്‍സ്, ബൈക്ക് ഫീഡര്‍ ആംബുലന്‍സ് എന്നിവയും സജ്ജമാക്കും. ജില്ലാ മെഡിക്കല്‍ ഓഫീസിലും ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കളക്റ്ററേറ്റിലെ കണ്‍ട്രോള്‍ റൂമിലും ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചു. നഗരത്തിലെ വിവിധ ആശുപത്രിയികളിൽ അടിയന്തര സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മാർച്ച് മൂന്നിനാണ് ആറ്റുകാൽ ദേവിക്കുള്ള പൊങ്കാല സമർപ്പണം. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. പിന്നാലെ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും. ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും.
ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിന് 350 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ചന്ദ്രഗ്രഹണം ആയതിനാൽ അന്നു വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 4ന് രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.