തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ലെന്ന യൂറോളജി വകുപ്പ് മേധാവിയുടെ അവകാശവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇങ്ങനെ ഒരു വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതി ഉയർന്ന സാഹചര്യത്തിൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വീണാ ജോർജ് അറിയിച്ചു.
മെഡിക്കൽ കോളേജിൽ ഇന്നലെ മൂന്ന് ശസ്‌ത്രക്രിയകൾ നടന്നിട്ടുണ്ട്. ഉപകരണത്തിനുണ്ടായ കേടുപാട് മൂലം ഒരു ശസ്ത്രക്രിയ മുടങ്ങിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. സർക്കാരിന് മുന്നിലും ആ രീതിയിൽ പ്രശ്നം എത്തിയിട്ടില്ല. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ലെന്നാണ് പറഞ്ഞത്. എന്തായാലും സമഗ്രമായി അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ഡിഎംഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
700 കോടിയിലധികം രൂപ കിഫ്‌ബി വഴി മെഡിക്കൽ കോളേജിന് അനുവദിച്ചിരുന്നു. പുതിയ എംആർഐ, പുതിയ സിടി സ്കാൻ, എന്നിവ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയാൽ മാധ്യമപ്രവർത്തകരോടൊപ്പം മെഡിക്കൽ കോളേജിൽ പോയി ഒരുമിച്ച് പരിശോധന നടത്താമെന്നും മന്ത്രി പ്രതികരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ലാത്തതിനാൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കലാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഉപകരണങ്ങൾ ഇല്ലാതെ ശസ്ത്രക്രിയകൾ മാറ്റേണ്ടി വരുന്നുവെന്നും ഡോക്ടർമാർ സമ്മർദത്തിലെന്നും കുറിപ്പിൽ പറയുന്നു. വിവാദമായതോടെ ഹാരിസ് ചിറക്കൽ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
യൂറോളജി വകുപ്പ് മേധാവിയുടെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് മെഡിക്കൽ കോളേജ് ഡിഎംഇ വിശ്വനാഥൻ പ്രതികരിച്ചത്. ഹാരസ് ചിറയ്ക്കൽ പറഞ്ഞതൊക്കെ തെറ്റാണെന്നും കഴിഞ്ഞ നാല് വർഷമായി കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ യൂറോളജി ഡിപ്പാർട്ട്മെന്റ് മാത്രമായി വന്നിട്ടുണ്ടെന്നും വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. യൂറോളജി വകുപ്പ് മേധാവിയുടേത് വൈകാരികമായ പ്രതികരണമാണെന്ന് ഡിഎംഇ പറയുന്നു. വേറൊരു മേധാവിയും ഇത്തരത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
പിന്നാലെ താൻ കടുത്ത മനോവിഷമത്തിലാണെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത നിർവഹിക്കാനാകുന്നില്ലെന്നും പറഞ്ഞുകൊണ്ട് ഡോ. ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തിയിരുന്നു. തൻ്റെ പോസ്റ്റിൽ പറഞ്ഞതിലൊന്നും മാറ്റമില്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു ശസ്ത്രക്രിയ നടന്നെന്ന ഡിഎംഇയുടെ വാദം തെറ്റാണെന്നും ഡോ. ഹാരിസ് പറഞ്ഞു. ഉപകരണങ്ങൾ വാങ്ങാൻ പണം അനുവദിച്ചത് കൊണ്ട് മാത്രം കാര്യമില്ല, ഉപകരണങ്ങളും വേണം. നേരത്തെയും ശസ്ത്രക്രിയകൾ മുടങ്ങിയിട്ടുണ്ട്.ശസ്ത്രക്രിയകൾ മുടങ്ങുന്ന ശരിയല്ലെന്നും ഹാരിസ് പറഞ്ഞു.
ഈ ജോലി തന്നെ മടുത്ത് കഴിഞ്ഞു. നടപടി ഉണ്ടായാൽ അത് കാര്യമാക്കുന്നില്ല. വൈകാരികമായാണ് പോസ്റ്റ് ഇട്ടത്. സംവിധാനത്തിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ എന്തിനാണ് സത്യം മറച്ചുവെക്കുന്നതെന്നും, ചികിത്സയ്ക്കെത്തിയ ഒരാൾ മരിക്കുന്നതിനെക്കാൾ വലിയ നാണക്കേട് ഇല്ലെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചത്.