

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഴയിലും മണ്ണിടിച്ചിലിലും ഇതുവരെ ഒമ്പത് മരണം സ്ഥിരീകരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലായാണ് മഴയിലും മണ്ണിടിച്ചിലിലും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് അഞ്ച് പേര്‍ മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലായി രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. നിലവില്‍ 15 പേരാണ് ക്യാംപിലുള്ളത്.
അടുത്ത മൂന്നു മണിക്കൂറില്‍ ആറ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. യെല്ലോ അലേര്‍ട്ടുള്ള തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമാണ് സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം. മഴക്കെടുതിയിൽ അഞ്ചു പേർ മരിച്ച മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടി.കെ. കോളനി മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും.