സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

ഇടുക്കി, തൃശ്ശൂർ, വയനാട് ജില്ലകളിലും കോതമം​ഗലം, എറണാകുളം താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Rain
പ്രതീകാത്മക ചിത്രംSource: Meta AI
Published on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ശക്തമായ മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്. ഇടുക്കി, തൃശ്ശൂർ, വയനാട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, കർണാടക. ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. ഇടവിട്ട സമയങ്ങളിൽ ശക്തമായ മഴയാണ് ജില്ലയിൽ പെയ്യുന്നത്. ബത്തേരി കല്ലൂർ പുഴ കര കവിഞ്ഞു. നൂൽപ്പുഴയിലും ജലനിരപ്പ് ഉയർന്നതായാണ് റിപ്പോ‍ർട്ട്. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മുൻ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെ തിരുവണ്ണൂർ അങ്കൺവാടിയിലേയ്ക്ക് മാറ്റിയത്. അവശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. കണ്ണൂർ ഇരിട്ടി പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

Rain
സിനിമാ സെറ്റിൽ ലഹരി വേണ്ടെന്ന പുതിയ കരാർ ഇന്ന് മുതൽ

മലപ്പുറം ജില്ലയിലും മഴ തുടരുകയാണ്. മലയോര മേഖലകളായ നിലമ്പൂർ, വഴിക്കടവ്, എടക്കര, പോത്തുകല്ല് ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എറണാകുളം ജില്ലയിലും മലയോര മേഖലയിൽ ശക്തമായ ഇടവിട്ട മഴ പെയ്യുന്നുണ്ട്. തൃശ്ശൂർ ജില്ലയിലും മഴ ശക്തമാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്.

തൊടുപുഴ ആറിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയാണ് രാത്രി ലഭിച്ചത്. കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ 360 സെൻ്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. പാംബ്ല ഡാമിൻ്റെ 4 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. പൊൻമുടി ഡാമിൻ്റെ 3 ഷട്ടറുകൾ ഉയർത്തി. മുല്ലപ്പെരിയാരിൽ ജലനിരപ്പ് 133.40 അടി ആയി ഉയർന്നിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com