നാടിൻ്റെ സങ്കടമാകെ ഏറ്റുവാങ്ങി തോരാതെ പെയ്ത മഴയെ സാക്ഷി നിർത്തിയാണ്, വിഎസിനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയത്. വിലാപയാത്രയ്ക്ക് ഇടയിലും മഴ തോരാതെ പെയ്തു. പ്രിയനേതാവിനെ അവസാനമായി കാണാൻ പെരുമഴയിലും പതിനായിരങ്ങളാണ് വഴിയരികുകളിൽ കാത്തുനിന്നത്. ചിതറിത്തെറിച്ചെത്തിയ മഴയെ വകവയ്ക്കാതെ ജനസാഗരം. കനക്കുന്ന പെരുമഴയെ തുളച്ച് ഉയരുന്ന മുദ്രാവാക്യങ്ങൾ.
കണ്ണേ കരളേ വിഎസേ.....
തലസ്ഥാനത്ത് നിന്നും വിഎസിന്റെ വിലാപയാത്ര പുറപ്പെട്ട് അധികദൂരം എത്തും മുൻപെ മഴ തുടങ്ങിയിരുന്നു. മഴയായതിനാൽ ആളുകൾ കുറയുമെന്ന കണക്കുകൂട്ടലുകൾ വെറുതെയായിരുന്നു. തോരാമഴയിലും പാതയോരങ്ങളിൽ പതിനായിരങ്ങൾ കാത്തുനിന്നു. ജനനായകനെ യാത്രയാക്കാൻ. വിഎസിൻ്റെ മൃതദേഹം സിപിഐഎം ആലപ്പുഴ ജില്ല കമ്മിറ്റി ഓഫീസിലെത്തിച്ചപ്പോൾ തോരാമഴ.
അന്ത്യാഭിവാദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ. സങ്കടമഴയിൽ തൊണ്ടയിടറി കരളുലഞ്ഞ് പ്രിയ സഖാവിന് നാടിൻ്റെ അന്ത്യാഭിവാദ്യം. ഇന്ന് പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ ഒരു ചരിത്രഘട്ടം പെയ്ത് തോരുകയാണ്. മലയാളിയുടെ ഹൃദയത്തിൽ ഓർമമരം ഇനിയും പെയ്തുകൊണ്ടേയിരിക്കും.