തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തി. മഴ മുന്നറിയിപ്പിന്റെ ഭാഗമായി എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച 11 ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. ദുരന്തസാധ്യത മേഖലകളിലുള്ളവർ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്. കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജൂൺ എട്ട് വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ എട്ടിന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും എട്ടിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.