

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മുൻകരുതലിൻ്റെ ഭാഗമായി അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ് ഉള്ളത്. തെക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിക്ക് പുറമെ, മധ്യ-കിഴക്കൻ അറബിക്കടലിന് സമീപത്തായി മറ്റൊരു ചക്രവാതചുഴിയും, കേരള–തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
ഇതാണ് മഴ ശക്തമാകാന്‍ കാരണം. മഴയ്ക്ക് ഒപ്പം, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഈ മാസം 26 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.