എറണാകുളം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രശംസിച്ച് ഹൈബി ഈഡൻ എംപി. മന്ത്രി പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന ആളാണെന്നും, ഗണേഷ് കുമാർ കെഎസ്‌ആർടിസിയുടെ ഐശ്വര്യമാണ് എന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.
എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ് നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല. ഇപ്പോൾ മന്ത്രി അത് നടത്തി കാണിച്ചു. നവീകരിച്ച എറണാകുളം കെഎസ്ആർടി ബസ് സ്റ്റാൻഡ് നാടിന് സമർപ്പിക്കാനെത്തിയപ്പോഴായിരുന്നു ഹൈബി ഈഡൻ്റെ പ്രതികരണം.
അതേസമയം, കെഎസ്ആർടിസിക്ക് അത്യാധുനിക സൗകര്യമുള്ള പുതിയ ബസും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. എയർ ഹോസ്റ്റസ് പോലെ ബസ് ഹോസ്റ്റസുമാരുടെ സേവനം ബസിൽ ഉണ്ടാകുമെന്നും, ഭക്ഷണവും ടോയ്‌ലറ്റ് സൗകര്യവും ബസിൽ ഏർപ്പെടുത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടിലായിരിക്കും ആദ്യം ബസ് സർവീസ് നടത്തുക. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ സർവീസ് തൃശൂർ വരെ നീട്ടുമെന്നും മന്ത്രി പറഞ്ഞു.