കൊച്ചി: ടി പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ കേസിലെ പ്രതികൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും കോടതിയുടെ രൂക്ഷവിമർശനം. പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് 12ാം പ്രതി ജ്യോതി ബാബുവിന്റെ ഭാര്യ പി.ജി. സ്മിത നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ജ്യോതി ബാബുവിന്റെ പിതൃസഹോദരന്റെ മരണാനന്തര കർമങ്ങൾക്കായി ഭർത്താവിന് പത്തു ദിവസത്തെ അടിയന്തിര പരോൾ അനുവദിക്കണമെന്നായിരുന്നു പി.ജി. സ്മിതയുടെ ആവശ്യം.
ടി.പി. വധക്കേസിലെ പ്രതിയാണെന്ന് ഹർജിയിൽ പ്രത്യേകം പരാമർശിക്കാത്തതിനെ വിമർശിച്ച കോടതി, മരിച്ചയാൾ അടുത്ത ബന്ധുവെന്ന ഗണത്തിൽ വരാത്തതിനാൽ പരോൾ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി. നിവേദനം പരിഗണിക്കാൻ പോലും ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെടാനാവില്ല. അത്തരമൊരു നിർദേശം കൊടുത്താലുടൻ പരോൾ അനുവദിക്കാൻ മതിയായ സ്വാധീനം നിങ്ങൾക്കുണ്ടെന്നും ഹർജിക്കാരിയോട് കോടതി പറഞ്ഞു. ടി.പി വധക്കേസിൽ ജ്യോതിബാബുവിനെ വിചാരണ കോടതി വെറുതെ വിട്ടെങ്കിലും അപ്പീലിൽ ഹൈകോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.