

കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ജുഡീഷ്യല്‍ കമ്മീഷൻ്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദിയാണ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ കക്ഷികൾക്ക് ഇത്തരത്തിലുള്ള ഹർജി നൽകാൻ അവകാശമില്ലെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കിയത്. ഈ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവ്.
ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരായ വഖഫ് സംരക്ഷണവേദിയുടെ വാദം. സിവില്‍ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായി, വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ കണ്ടെത്തിയതാണെന്നും ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടുന്നു.