

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡിജിറ്റലൈസേഷന് ഹൈക്കോടതിയുടെ അനുമതി. പദ്ധതിയുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകി. ഡിജിറ്റലൈസേഷനായി ദേവസ്വം ബോർഡുമായി കരാർ ഒപ്പുവെച്ച കിറ്റ്‌ഫ്ര മുൻ എം.ഡി. ഡോ. സന്തോഷ് ബാബുവിനും, ജനറൽ മാനേജർ രാഹുൽ എ. രാജിനുമെതിരെ ക്രമക്കേട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപടൽ.
നിലവിൽ രൂപീകരിച്ച പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റിന് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാം. ഇതിനകം ഏറ്റെടുത്ത പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി. ഡിജിറ്റലൈസെഷൻ പദ്ധതിയിൽ ഐടി സെക്രട്ടറിയുടെ ഇടപെടൽ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
പിഎംയു രൂപീകരണം, ഭരണപരമായ ക്രമീകരണങ്ങൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവ പരിശോധിക്കാൻ ഐടി സെക്രട്ടറിയ്ക്ക് ചുമതലയില്ല. കൊച്ചി കൂടൽമാണിക്യം ദേവസ്വം ബോർഡുകൾക്കായി പൊതുവായ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കുന്നതും ഹൈക്കോടതി റദ്ദാക്കി. ഡോ. സന്തോഷ് ബാബുവിനെ പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റിൻ്റെ ചുമതല ഏൽപ്പിക്കുന്നത് ഒരാഴ്ചയ്ക്കുള്ളിൽ ധനകാര്യ വകുപ്പ് തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു.
ദേവസ്വം ബോർഡിൻ്റെ ഡിജിറ്റലൈസേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ. തുടക്കത്തിൽ ക്ഷേത്രങ്ങളിലെ സാമ്പത്തിക അഴിമതികൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ഹൈക്കോടതി നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ ഇതിൻ്റെ 70 കോടി രൂപയുടെ കരാറുമായും പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റ് രൂപീകരണവുമായും ബന്ധപ്പെട്ട് ചില ആക്ഷേപങ്ങളും റവന്യൂ-ദേവസ്വം സെക്രട്ടറിയുടെ വിയോജനക്കുറിപ്പുകളും പുറത്തുവന്നിരുന്നു.