കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് ഉപാധികളോടെ പുനരാരംഭിക്കാൻ അനുമതി നൽകി ഹൈക്കോടതി. നിരക്ക് വർധന പാടില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ടോൾ നിരക്ക് കൂട്ടാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുശേഷം വിഷയം കോടതി വീണ്ടും പരിഗണിക്കും. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ടോൾ പിരിക്കുന്നത് വിലക്കിയത്
അതേസമയം, ടോൾ പിരിവ് പുനരാരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാണെന്ന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. പാലിയേക്കരയിൽ ടോൾ പിരിക്കാൻ പൂർണ സജ്ജമാണ്. ടോൾ പിരിവ് പുനസ്ഥാപിക്കുന്ന പശ്ചാത്തലത്തിൽ ടോൾ ബൂത്തിന് പൊലീസ് സുരക്ഷ കൂട്ടിട്ടുണ്ട്. അൻപതോളം വരുന്ന പൊലീസുകാരെ ടോൾ ബൂത്തിൽ വിന്ന്യസിച്ചിട്ടുണ്ടെന്നും ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.
എന്നാൽ വിധി നിരാശാജനകമെന്ന് ഹർജിക്കാർ പ്രതികരിച്ചു. കോടതിവിധി മാനിക്കുന്നു. കൂടുതൽ കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. പണി പൂർത്തീകരിക്കാതെ ടോൾ പിരിക്കുന്നത് അന്യായമെന്ന് കോടതിയോട് ബോധിപ്പിക്കും. പണി പൂർത്തിയാകുന്നത് വരെ വിലക്ക് തുടരണമെന്ന് തന്നെയാണ് പാർട്ടിയുടെ അഭിപ്രായമെന്നും ജോസഫ് ടാജറ്റ്. കോടതിയിൽ വിശ്വാസം ഉണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ കോടതിയെ അറിയിക്കുമെന്നും ഒ.ജെ. ജനീഷും പറഞ്ഞു.