കൊച്ചി: ശബരിമലയിലേത് കൂട്ടക്കവർച്ചയെന്ന് ഹൈക്കോടതി. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും, കവര്‍ന്ന ബാക്കി സ്വര്‍ണം കണ്ടത്തേണമെന്നും കോടതി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ നിഷേധിച്ചുള്ള വിധി പകർപ്പിലാണ് പരാമർശം.
കേസിൽ എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി പരാമർശം. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്ന് കോടതി പറയുന്നു. ശബരിമലയിലേക്ക് പ്രത്യേക സ്വഭാവമുള്ള കേസാണ്. എസ്‌ഐടി കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കവര്‍ച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണ്. കൂട്ടക്കവര്‍ച്ചയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തന്ത്രി കണ്ഠരര് രാജീവര്, ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, കണ്ഠരര് രാജീവര് തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍.