

ബാർ ഹോട്ടലുകളുടെ സമയക്രമം നിയന്ത്രിക്കാൻ പൊലീസിന് അവകാശമില്ലെന്ന് ഹൈക്കോടതി.രാത്രി 12 മണിക്ക് ശേഷം, ബാറുകൾ പ്രവർത്തിക്കരുതെന്ന പൊലീസ് നോട്ടീസ് ആണ് കോടതി റദ്ദാക്കിയത്. നിശാ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയത് ചോദ്യംചെയ്തുള്ള കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലിൻ്റെ ഹർജിയിലാണ് നടപടി . പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കൊച്ചി റാഡിസണ്‍ ബ്ലൂവിന് പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കിയ ഹൈക്കോടതി എക്‌സൈസ് കമ്മിഷണറുടെ പ്രവര്‍ത്തനാനുമതി നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. കുറ്റകൃത്യ സാധ്യതയുണ്ട് എന്നതുകൊണ്ട് മാത്രം പ്രവര്‍ത്തന സമയം നിയന്ത്രിക്കാനാവില്ല കോടതി അറിയിച്ചു. അതേസമയം, ഡിജെ പാര്‍ട്ടിയുടെ മറവില്‍ ലഹരി ഉപയോഗിച്ചാല്‍ പൊലീസിന് കര്‍ശന നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചട്ടങ്ങൾ ലംഘിച്ച് മദ്യപാന പാർട്ടി സംഘടിപ്പിച്ചതായി കാണിച്ച് റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് പുലർച്ചെ മൂന്നു മണിവരെ ഡിജെ പാർട്ടി നീണ്ടതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. വേഷം മാറി ഹോട്ടലിനുള്ളിൽ പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയ ശേഷം ഹോട്ടലിനെതിരെ കേസെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തത്. ഇതിനെ തുടർന്നാണ് റാഡിസൺ ബ്ലൂ ഹർജി നൽകിയത്.