

കൊച്ചി: സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ വിരുദ്ധ നിലപാടുമായി ഇഡിയും സർക്കാരും ഹൈക്കോടതിയിൽ. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിജിലന്‍സിന് കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നാണ് ഇഡി നിലപാടെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്ത് വി.എസ്. അച്യുതാനന്ദൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യൽ വിജിലൻസിൻ്റെ ബാധ്യതയല്ലേയെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ബദറുദ്ദീൻ ചോദിച്ചു.
എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് സുപ്രീംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടന്നും ഷാജഹാൻ്റെ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ സർക്കാരിന് വിരുദ്ധ നിലാപാടാണ് ഇഡി സ്വീകരിച്ചത്. വിജിലന്‍സ് കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തെളിവുകൾ മുദ്ര വെച്ച കവറിൽ ഹാജരാക്കാമെന്നും ഇഡി വ്യക്തമാക്കി. എന്നാൽ ഇഡിക്ക് പരാതിയുണ്ടെങ്കില്‍ ഹര്‍ജി നല്‍കണമെന്നാണ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്. ഈ നിയമപ്രശ്നം വിശദമായി പരിശോധിക്കാമെന്നും കോടതി പറഞ്ഞു. ഹർജി 29 ന് വീണ്ടും പരിഗണിക്കും.