കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കി നിർമിച്ചെന്ന് ആരോപണമുള്ള 'കാലം പറഞ്ഞ കഥ' സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി. സിനിമ വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയതാണ് എന്നതിന് എന്താണ് തെളിവെന്നും, സിനിമയെ കലയായി കണ്ടാൽ പോരേ എന്നും കോടതി ചോദിച്ചു. സിനിമ എങ്ങനെ കേസ് അന്വേഷണത്തെയും വിചാരണയും എങ്ങനെ ബാധിക്കുമെന്ന് ചോദിച്ച കോടതി, സെൻസർ ബോർഡ് അടക്കമുള്ള എതിർകക്ഷികളോട് വിശദീകരണം തേടുകയും ചെയ്തു.
വെഞ്ഞാറമൂട് കൂട്ടക്കൊല കേസുമായി ബന്ധമുള്ള 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യപ്പെട്ട് അഫാൻ്റെ പിതാവ് റഹീം ആണ് കോടതിയെ സമീപിച്ചത്. വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിലൂടെ തൻ്റെ മകൻ്റെ അവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
ആരോപണം ഉയർന്നതിന് പിന്നാലെ 'കാലം പറഞ്ഞ കഥ'വെഞ്ഞാറമൂട് സംഭവത്തെ ആസ്പദമാക്കിയല്ല എന്ന് സംവിധായകൻ പ്രസാദ് നൂറനാട് അറിയിച്ചിരുന്നു. വെഞ്ഞാറമൂട് കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ തന്നെ വിളിച്ചിരുന്നുവെന്നും ടീസറും ബന്ധപ്പെട്ട വാർത്തകളും കണ്ട് തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പല സംഭവങ്ങൾ കോർത്തിണക്കിയ കഥയാണ് സിനിമ പറയുന്നത്. കുട്ടികൾക്ക് ബോധവൽക്കരണമെന്ന നിലയിലാണ് സിനിമ ഒരുക്കിയതെന്നും പ്രസാദ് നൂറനാട് അവകാശപ്പെട്ടു.
നായകനെ കേന്ദ്രീകരിച്ച് ഒരു നാടിൻ്റെ കഥ പറയുന്നതാണ് സിനിമ. കേരളത്തിൽ എത്രയോ കൊലപാതകക്കേസുകൾ ഉണ്ടായിട്ടുണ്ട്. സിനിമയുടേത് ഞങ്ങൾ സൃഷ്ടിച്ചൊരു കഥ മാത്രമാണിത്. കഥയും കഥാപാത്രങ്ങളുമെല്ലാം സാങ്കല്പികമാണ്. സിനിമ കാണേണ്ട ഒരു സാഹചര്യം വന്നാൽ കോടതിക്ക് അത് ബോധ്യം വരുമെന്നും പ്രസാദ് നൂറനാട് വ്യക്തമാക്കിയിരുന്നു.