
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അഖില ഭാരതീയ ഹിന്ദു മഹാസഭ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്ന വാദം തള്ളി ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷൻ സ്വാമി ഭദ്രാനന്ദ. ശബരിമല വിഷയത്തിലെ വിവാദ പരാമർശത്തിൽ പോലും മാപ്പ് പറയാത്ത സ്വരാജിന് പിന്തുണ നൽകില്ല. ഹിന്ദു മഹാസഭയുടെ പേരിൽ ചിലർ എൽഡിഎഫിനൊപ്പം നിൽക്കുന്നത് സ്വരാജിനുള്ള പണിയാണ്. അത് മുസ്‍ലിം വോട്ട് ലഭിക്കാതിരിക്കാനുള്ള ശ്രമമാകാം. സ്വാമി സ്വരൂപിനെ ഇറക്കിവിട്ടത് ബിജെപിയാണോ എന്ന് സംശയിക്കണമെന്നും സ്വാമി ഭദ്രാനന്ദ ന്യൂസ് മലയാളത്തോട് പറഞ്ഞു.
നിലവിലെ ട്രെൻഡ് അനുസരിച്ച് ജനങ്ങൾക്ക് താൽപര്യം ആര്യാടൻ ഷൗക്കത്തിനോടെന്നും സ്വാമി ഭദ്രാനന്ദ പറഞ്ഞു. ആര്യാടൻ മുഹമ്മദ് സനാതന ധർമ്മത്തിൻ്റെ മഹത്വം പറഞ്ഞ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ മകനും ആ പാത പിന്തുടർന്നാൽ ഇവിടുത്തെ ജനങ്ങൾ സ്വീകരിക്കും. നിലവിൽ ബിജെപിയെയും എൽഡിഎഫിനെയും പിന്തുണക്കാനാവില്ലെന്നും ഹിന്ദു മഹാസഭ പ്രതികരിച്ചു.
അതേസമയം, നിലമ്പൂരിൽ പ്രചാരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് വഴിക്കടവ് പഞ്ചായത്തിൽ പ്രചാരണം നടത്തും. യുഡിഎഫിലെ പ്രധാന നേതാക്കൾ എല്ലാം മണ്ഡലത്തിൽ ഉണ്ട്. പതിനാലിന് പ്രിയങ്ക ഗാന്ധി എത്തുന്നതോടെ മുൻതൂക്കം വർധിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് വേണ്ടിയുള്ള പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ 14 മുതൽ 3 ദിവസം നിലമ്പൂരിൽ ഉണ്ടാകും. പ്രചാരണം ചൂടേറുമ്പോൾ വിജയപ്രതീക്ഷയിലാണ് പി.വി. അൻവർ. എൽഡിഎഫിന്റെ 40 ശതമാനം വോട്ട് പിടിച്ചെടുക്കുമെന്നാണ് അൻവറിന്റെ അവകാശവാദം. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അഖില ഭാരതീയ ഹിന്ദുമഹാസഭ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തയും വിവാദമായിട്ടുണ്ട്.