പ്രളയംകൊണ്ട് മുറിവേറ്റ 18 കുടുംബങ്ങള്‍; പൊള്ളയായ വാഗ്‌ദാനങ്ങള്‍ക്കിടെ പുഴങ്കുനി ഉന്നതിയിലെ ദുരിതജീവിതം

ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ റവന്യൂ വകുപ്പ് ഭൂമി കണ്ടെത്തിയിട്ടും തുടർനടപടികൾ ചുവപ്പുനാടയിൽ കുടുങ്ങിയിരിക്കുകയാണ്
പ്രളയംകൊണ്ട് മുറിവേറ്റ 18 കുടുംബങ്ങള്‍; പൊള്ളയായ വാഗ്‌ദാനങ്ങള്‍ക്കിടെ പുഴങ്കുനി ഉന്നതിയിലെ ദുരിതജീവിതം
Published on
Updated on

വയനാട് കണിയാമ്പറ്റ ചിറ്റൂർ പുഴങ്കുനി ഉന്നതിയിലെ 18 കുടുംബങ്ങളുടെ ദുരിതത്തിന് എട്ട് വർഷമായിട്ടും അവസാനമായില്ല. ഓരോ മഴക്കാലത്തും വരദൂർ പുഴ കരകവിഞ്ഞൊഴുകി സർവ്വതും നഷ്ടപ്പെടുമ്പോഴും, അധികൃതർ പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകും. ആദിവാസി കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഈ മനുഷ്യരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ റവന്യൂ വകുപ്പ് ഭൂമി കണ്ടെത്തിയിട്ടും തുടർനടപടികൾ ചുവപ്പുനാടയിൽ കുടുങ്ങിയിരിക്കുകയാണ്.

വരദൂർ പുഴയോരത്ത്, ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ കൂരകളിൽ ഭയത്തോടെയാണ് പുഴങ്കുനി ഉന്നതിയിലെ 18 കുടുംബങ്ങൾ കഴിയുന്നത്. 2018-ലെ പ്രളയത്തിൽ വീടുകളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട ഇവർക്ക് വർഷങ്ങൾക്ക് മുമ്പ് സന്നദ്ധസംഘടനകൾ താൽക്കാലികമായി നിർമിച്ചുനൽകിയ കൂരകൾ മാത്രമാണ് നിലവിലുള്ള ആശ്രയം. കനത്ത മഴയിൽ പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുമ്പോൾ ഉടുത്ത വസ്ത്രവും പാത്രങ്ങളുമായി സുരക്ഷിത ഇടങ്ങളിലേക്ക് ഓടി രക്ഷപ്പെടേണ്ട അവസ്ഥയിലാണ് ഇവർ. മഴക്കാലത്ത് വെള്ളപ്പൊക്കവും വേനലിൽ സഹിക്കാനാകാത്ത ചൂടുമാണ് ഈ കൂരകൾക്കുള്ളിൽ. ആവശ്യത്തിന് ശുചിമുറി സൗകര്യങ്ങൾ പോലുമില്ലാത്ത ഇവിടെ പുഴ തന്നെയാണ് ഉന്നതി നിവാസികളുടെ ഏക ആശ്രയം.

പ്രളയംകൊണ്ട് മുറിവേറ്റ 18 കുടുംബങ്ങള്‍; പൊള്ളയായ വാഗ്‌ദാനങ്ങള്‍ക്കിടെ പുഴങ്കുനി ഉന്നതിയിലെ ദുരിതജീവിതം
സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തുടക്കം; തെറ്റു തിരുത്തല്‍ ചര്‍ച്ചകളില്‍ കണ്ണൂരിലെ തിരിച്ചടികള്‍ പ്രധാന വിഷയമാകും

മഴ ശക്തമാകുന്നതോടെ വെള്ളത്തിനടിയിലാകുന്ന ഉന്നതിയിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനായി അധികൃതർ സമീപ പ്രദേശത്ത് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഇവിടെ ഒരുവിധ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലത്തേക്ക് പ്രവേശിക്കണമെങ്കിൽ ഒരു തോട് മുറിച്ചുകടക്കേണ്ടതുണ്ട്. അവിടെയൊരു പാലം നിർമിച്ചാൽ മാത്രമേ പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിക്കാനും വീടുപണി ആരംഭിക്കാനും സാധിക്കൂ. എന്നാൽ പാലത്തിന്റെ നിർമാണം സംബന്ധിച്ച് യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

പഞ്ചായത്തും പ്രാദേശിക ഭരണകൂടവും സഹകരിച്ച് തങ്ങൾക്ക് തണലൊരുക്കുമെന്ന് വിശ്വസിച്ച ഉന്നതി നിവാസികൾക്ക് ഇപ്പോൾ നിരാശ മാത്രമാണ് ബാക്കി. താൽക്കാലിക ആശ്വാസ വാക്കുകൾക്കപ്പുറം അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്...

വർഷാവർഷം എത്തുന്ന പ്രളയത്തിലും അധികൃതരുടെ അനങ്ങാപ്പാറ നയത്തിലും മടുത്തെങ്കിലും, ഒരു സുരക്ഷിത ഭവനമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇവിടുത്തെ മനുഷ്യർ... തങ്ങളുടെ ജീവിതത്തിന് മേൽ പെയ്യുന്ന ഈ ദുരിതമഴയ്ക്ക് എന്ന് അന്ത്യമുണ്ടാകുമെന്ന ചോദ്യം മാത്രമാണ് ഇവർക്ക് മുന്നിലുള്ളത്...

News Malayalam 24x7
newsmalayalam.com